മുഡാ ഭൂമി അഴിമതി കേസ്; ‘തെളിവില്ല’: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും ലോകായുക്തയുടെ ക്ലീൻ ചിറ്റ്

കർണാടകയിലെ മുഡാ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീൻ ചിറ്റ്. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികൾ തുടങ്ങിയവർക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകായുക്ത ക്ലീൻ ചിറ്റ് നൽകിയത്.

ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി ജെ ഉദേഷ് നേതൃത്വം നൽകിയ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് കഴിഞ്ഞ മാസം അവസാനമാണ് സമർപ്പിച്ചത്. കേസിൽ 138 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് ലോകായുക്ത മുഖ്യമന്ത്രിയടക്കമുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയത്.

ബെംഗളൂരുവിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് 2024 സെപ്റ്റംബറിൽ ആരംഭിച്ച ലോകായുക്ത അന്വേഷണത്തിന് മൈസൂരു ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി ജെ ഉദേഷാണ് നേതൃത്വം നൽകിയത്. ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, വിരമിച്ച ഉദ്യോഗസ്ഥർ, സിദ്ധരാമയ്യ, ഭാര്യ ബി എം പാർവതി, സഹോദരീഭർത്താവായ ബി എം മല്ലികാർജുന സ്വാമി തുടങ്ങിയ പ്രധാന വ്യക്തികൾ ഉൾപ്പെടെ നൂറിലധികം പേരെ ലോകായുക്ത സംഘം ചോദ്യം ചെയ്തിരുന്നു.

അവരുടെ മൊഴികൾ വീഡിയോയിൽ റെക്കോർഡ് ചെയ്യുകയും അന്തിമ റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തർക്കസ്ഥലം, സ്ഥലം അനുവദിക്കൽ, വിജ്ഞാപന പ്രക്രിയകൾ എന്നിവയുമായി ബന്ധപ്പെട്ട 3,000 പേജിലധികം രേഖകൾ പരിശോധിച്ചെന്നും ലോകായുക്ത വൃത്തങ്ങൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *