മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ എത്തി. മുഖ്യമന്ത്രി പിണറായി വിജയനെ എംകെ സ്റ്റാലിൻ സ്വീകരിച്ചു. 13 പാർട്ടികളുടെ പ്രതിനിധികളാണ് ചെന്നൈയിലെ യോഗത്തിൽ പങ്കെടുക്കുന്നത്. തൃണമൂൽ, വൈഎസ്ആർസിപി എന്നീ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തിട്ടില്ല. നിലവിൽ സ്റ്റാലിൻ സംസാരിക്കുകയാണ്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും.
മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ എംപി, ഫ്രാൻസിസ് ജോർജ്, ജോസ് കെ മാണി എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആറ് മുഖ്യമന്ത്രിമാരും 2 ഉപമുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ന് ചരിത്രദിനമാണെന്നാണ് സ്റ്റാലിൻ പറഞ്ഞത്. രാജ്യ പുരോഗതിക്ക് സംഭാവന നൽകിയ സംസ്ഥാനങ്ങൾ ഫെഡറലിസം സംരക്ഷിക്കാൻ ഒന്നിച്ച ദിനമായി അടയാളപ്പെടുത്തുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ജനാധിപത്യവും ഫെഡറൽ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടം. മണ്ഡലപുനർ നിർണയം നമ്മുടെ പ്രാതിനിധ്യത്തെ ബാധിക്കും. അതുകൊണ്ടാണ് ഒന്നിച്ചു എതിർക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം ഡിഎംകെ നാടകം കളിക്കുന്നു എന്നാരോപിച്ച് ബിജെപി തമിഴ്നാട്ടിലെ വീടുകൾക്ക് മുന്നിൽ ഇന്ന് കരിങ്കൊടി പ്രതിഷേധം നടത്തുന്നുണ്ട്.