ദുബായ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) അനന്ത സാധ്യതകളും ഭാവിയും ചർച്ച ചെയ്യുന്ന പ്രഥമ ദുബായ് എഐ വീക്കിന് ഇന്ന് എമിറേറ്റ്‌സ് ടവേഴ്‌സിൽ തുടക്കമാകും. 5 ദിവസം നീണ്ടുനിൽക്കുന്ന നിർമിതബുദ്ധി വാരത്തിന് ചുക്കാൻ പിടിക്കുന്നത് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനാണ്.
ഇന്ത്യ ഉൾപ്പെടെ 100 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും വ്യവസായ പ്രമുഖരും ഉൾപ്പെടെ പതിനായിരത്തിലേറെ പേർ എഐ വാരാഘോഷത്തിൽ പങ്കെടുക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് എഐ വാരാഘോഷം നടക്കുക.
സമസ്ത മേഖലകളിലും എഐ ഉപയോഗം ശക്തമാക്കി ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് എഐ വീക്കിന്റെ ലക്ഷ്യം. നിർമിതബുദ്ധി വികസനത്തിനുള്ള ആഗോള കേന്ദ്രമാക്കി ദുബായിയെ മാറ്റും. 5 ദിവസം നീണ്ടുനിൽക്കുന്ന എഐ വാരത്തിൽ വിവിധ വിഷയങ്ങളിൽ സെമിനാർ, ശിൽപശാല തുടങ്ങി 150ലേറെ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽനിന്ന് അടക്കം 180 എഐ വിദഗ്ധരും ആഗോള തലത്തിലെ 25ലേറെ പ്രമുഖ എഐ കമ്പനികളും പങ്കെടുക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിർമിത ബുദ്ധിയുടെ ഭാവി രൂപപ്പെടുത്തുന്ന ആഗോള ലക്ഷ്യസ്ഥാനമാണ് ദുബായ് എന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു.
പോകാം, സൗജന്യമായി
ദുബായ് എമിറേറ്റ്‌സ് ടവേഴ്‌സിൽ ഇന്ന് ആരംഭിക്കുന്ന ദുബായ് എഐ വീക്കിലേക്ക് സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). അൽവാസൽ ക്ലബ്ബിന്റെ പാർക്കിങ് ഏരിയയിൽനിന്ന് എമിറേറ്റ്‌സ് ടവറിലേക്കാണ് ഷട്ടിൽ ബസ് സർവീസ് നടത്തുക