ബിജു ജോസഫിനെ കൊന്നുവെന്ന് വെളിപ്പെടുത്തൽ; പഴയ ബിസിനസ് പങ്കാളി അടക്കം 3 പേർ പിടിയിൽ

തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫ് കൊല്ലപ്പെട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്. ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. കൂടാതെ പുലർച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പോലീസിന് വിവരം നൽകി. പോലീസ് നടത്തിയ പരിശോധനയിൽ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുക്കുകയുണ്ടായി. തുടർന്ന് ബിജുവിന്റെ ബന്ധുക്കളുമായി അന്വേഷണം നടത്തി.

കലയന്താനി സ്വദേശിയായ ബിജുവിൻറെ പഴയ ബിസിനസ് പങ്കാളിയുമായി ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചു. എന്നാൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഉൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിയിലുള്ളവരിൽ കൊട്ടേഷൻ സംഘങ്ങളുമുണ്ട്. മാൻ ഹോളിൽ മൃതദേഹം ഒളിപ്പിച്ചുവെന്നാണ് പ്രതികൾ പോലീസിൽ നൽകിയ മൊഴി. ഇപ്പോൾ കലയന്താനിയിലെ ക്യാറ്ററിങ് ഗോഡൗണിലാണ് പരിശോധന നടക്കുന്നത്. ആദ്യം ഈ ഗോഡൗണിനെ കുറിച്ചായിരുന്നു പ്രതികൾ വിവരം നൽകിയിരുന്നത്. വ്യാഴാഴ്ച രാവിലെയാണ് ബിജു ജോസഫിനെ കാണാതാവുന്നത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. ഇന്നലെ ബന്ധുക്കൾ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പോലീസിൽ നൽകി.

Leave a Reply

Your email address will not be published. Required fields are marked *