ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​സങ്കീർണം

കഴിഞ്ഞ ആഴ്ചമുതൽ ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​സങ്കീർണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചെന്നും സ്ഥിതി സങ്കീർണമായെന്നുമാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്. ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടർന്ന് ബുദ്ധിമുട്ടിലായ 88-കാരനായ ഫ്രാൻസിസ് മാർപാപ്പയെ ഫെബ്രുവരി 14-നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സി.ടി സ്കാൻ പരിശോധനയിലാണു ഗുരുതരമായ ന്യുമോണിയ ഉണ്ടെന്ന കാര്യം കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ നിലവിൽ പുരോ​ഗമിക്കുകയാണ്. തനിക്കുവേണ്ടി പ്രാർഥിക്കാൻ മാർപാപ്പ അഭ്യർഥിച്ചു. ആശുപത്രിക്ക് മുൻപിൽ ആയിരങ്ങൾ അദ്ദേഹത്തിനായി പ്രാർഥനയിൽ മുഴുകിയിരിക്കുകയാണ്. ഞായറാഴ്ച വരെ മാർപാപ്പയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.

അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും ആരോ​ഗ്യനില തൃപ്തികരമാകുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നുമാണ് വത്തിക്കാൻ അറിയിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി പറഞ്ഞു. അതേസമയം വെന്റിലേറ്ററിന്റെ സഹായം ആവശ്യമില്ലെന്നും നിലവിൽ അദ്ദേഹം സ്വാഭാവിക രീതിയിലാണ് ശ്വാസിക്കുന്നതെന്നും വത്തിക്കാൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *