പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർത്തു. പഹൽഗാം ആക്രമണം നടന്ന് 15 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. പുലർച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷൻ.
ബഹവൽപൂർ, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.
പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കി എന്നണ് ആക്രമണത്തെ കുറിച്ച് സമൂഹമാധ്യമത്തിൽ സൈന്യം നടത്തിയ പ്രതികരണം. അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരിക്കേറ്റതായും പാക് സൈന്യവും സ്ഥിരീകരിക്കുന്നു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങൾ നടന്നതായി പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്.