നാഗ്പൂരിൽ കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 14 പേർ കൂടി അറസ്റ്റിൽ. ഇതോടെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 105 ആയി ഉയർന്നു. വെള്ളിയാഴ്ച അറസ്റ്റിലായ 14 പേരിൽ 10 പേർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് വിവരം. മാത്രമല്ല സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഛത്രപതി സംഭാജി ജില്ലയിലുള്ള മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. മാർച്ച് 17ന് ഈ ആവശ്യമുന്നയിച്ച് വിഎച്ച്പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ വിശുദ്ധ വചനങ്ങൾ ആലേഖനം ചെയ്ത ‘ഛാദർ’ കത്തിച്ചുവെന്ന പ്രചാരണം നടന്നു. ഇതിനെതിരെ നടന്ന പ്രതിഷേധമാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്.
അതേസമയം ഉന്നതതല അവലോകന യോഗത്തിന് ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ പിൻവലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് നാഗ്പൂർ പോലീസ് കമ്മീഷണർ രവീന്ദർ കുമാർ സിംഗാൾ വ്യക്തമാക്കുന്നത്. മൂന്ന് ഡെപ്യൂട്ടി കമ്മീഷണർമാർ അടക്കം 33 പോലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന ഫഹീം ഖാനെതിരെ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.