തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; ചോദ്യം ചെയ്യാൻ എന്‍ഐഎ ഡിജിയടക്കം 12 അംഗ സംഘം

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. ദില്ലി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിക്കും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് തഹാവൂര്‍ റാണയെ മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.

റാണയെ ദില്ലിയിൽ എത്തിച്ചത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എന്‍ഐഎ നൽകിയിട്ടില്ല. അൽപ്പസമയം മുമ്പാണ് പാലം വിമാനത്താവളത്തിൽ നിന്ന് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. നടപടികള്‍ക്കുശേഷം എന്‍ഐഎ ആസ്ഥാനത്തേക്കായിരിക്കും റാണയെ എത്തിക്കുകയെന്നാണ് വിവരം. മറ്റു രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമോയെന്ന കാര്യത്തിലും വ്യക്തമല്ല. തഹാവൂര്‍ റാണയെ ദില്ലയിൽ എത്തിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദില്ലി പൊലീസിന്‍റെ പ്രത്യേക സംഘത്തിന്‍റെ അകമ്പടിയോടെയാണ് റാണയെ എത്തിക്കുന്നത്. കൊണ്ടുവരുന്ന റൂട്ടുകളിൽ അര്‍ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. എൻഐഎ ആസ്ഥാനത്ത് എത്തിച്ചശേഷം എന്‍ഐഎ ഡിജിയടക്കം 12 ഉദ്യോഗസ്ഥരുടെ സംഘമായിരിക്കും റാണയെ ചോദ്യം ചെയ്യുക.അതേസമയം, റാണയെ ഇന്ത്യയിലെത്തിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണത്തിൽ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞുമാറി. തഹാവൂര്‍ റാണ കനേഡിയൻ പൗരനാണെന്ന് പറഞ്ഞുകൊണ്ടാണ് പാക് വിദേശകാര്യ വക്താവ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *