കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും വീശിയടിച്ച് ഖത്തറിൽ അസാധാരണ കാലാവസ്ഥാ മാറ്റം. കഴിഞ്ഞ ദിവസങ്ങളിലെ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പുകൾ ശരിവെച്ചുകൊണ്ടായിരുന്നു ചൊവ്വാഴ്ച രാവിലെമുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിയോടുകൂടി കാറ്റ് വീശിത്തുടങ്ങിയത്. രാത്രിയും ഇതേ കാലാവസ്ഥതന്നെ തുടർന്നു. പ്രതികൂല കാലാവസ്ഥയിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശവുമായി വിവിധ മന്ത്രാലയങ്ങളും വിഭാഗങ്ങളും രംഗത്തെത്തി. തൊഴിലാളികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് തൊഴിൽമന്ത്രാലയം നിർദേശം നൽകി. ആരോഗ്യ, സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണം.
വിദ്യാർഥികളുടെ കാര്യത്തിൽ രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ ജീവനക്കാർ എന്നിവർ കൂടുതൽ സൂക്ഷ്മത പാലിക്കണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും നിർദേശിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുക, പുറത്തേക്ക് പോകുമ്പോൾ മാസ്ക് അണിയുക, കണ്ണുകൾക്ക് സംരക്ഷണം ഒരുക്കുക, സ്കൂളുകളിൽ ക്ലാസ് മുറികളിൽതന്നെ ചെലവഴിക്കുക, ആസ്ത്മ ഉൾപ്പെടെ ബുദ്ധിമുട്ടുള്ളവർ ഡോക്ടറുടെ നിർദേശം പാലിക്കുക എന്നീ കാര്യങ്ങൾ വിദ്യഭ്യാസ മന്ത്രാലയം ഓർമിപ്പിച്ചു. വരും ദിവസങ്ങളിലും കാറ്റ് തുടരുമെന്നും കാഴ്ചപരിധി കുറയുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.