ഹിറ്റ് ഹാർഡ്, ഹിറ്റ് സ്മാർട്ടിന്റെ ആവശ്യമുണ്ടായിരുന്നെന്ന് ശശി തരൂർ എംപി. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് തിരിച്ചടി നൽകിയ ഇന്ത്യയുടെ നടപടിയിൽ പ്രതികരിക്കുയായിരുന്നു എംപി. ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രമാണെന്നും ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ അഭിമാനിക്കുന്നുവെന്നും തരൂർ പറഞ്ഞു. ജനങ്ങളെയോ സ്ഥാപനങ്ങളെയോ ഇന്ത്യ ആക്രമിച്ചില്ല. ദീർഘയുദ്ധം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. തിരിച്ചടി കഴിഞ്ഞെന്നും ഇനി സമാധാനമാണ് ആവശ്യമെന്നും തരൂർ കൂട്ടിച്ചേർത്തു. ദേശീയ ഐക്യമാണ് ഇക്കാര്യത്തിൽ അനിവാര്യമെന്ന് പറഞ്ഞ തരൂർ സ്ത്രീകൾ സേനയ്ക്കു വേണ്ടി കാര്യങ്ങൾ വിശദീകരിച്ചതിനെ പ്രശംസിക്കുകയും ചെയ്തു.
കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരാണ് സേനക്കു വേണ്ടി ഓപറേഷനെക്കുറിച്ചുള്ള വിശദീകരണം നൽകിയത്. മൂന്ന് സേനകളും സംയുക്തമായാണ് ‘ഓപറേഷൻ സിന്ദൂറിനുള്ള’ നീക്കങ്ങൾ നടത്തിയത്. 1.51ന് നീതി നടപ്പിക്കിയെന്ന സൈന്യത്തിൻറെ ട്വീറ്റോടെയാണ് തിരിച്ചടിയുണ്ടായത് പുറത്തറിയുന്നത്. ബഹാവൽപൂർ, മുസാഫറബാദ്, കോട്ലി, മുരിദ്‌കെ തുടങ്ങി 13 കേന്ദ്രങ്ങളിലാണ് ഇന്ത്യയുടെ ആക്രമണമുണ്ടായത്.