സംഘർഷ സാധ്യത തുടരുന്ന സാഹചര്യത്തിൽ പാകിസ്താൻ, നേപ്പാൾ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു-കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, സിക്കിം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഡി.ജി.പി, കാബിനറ്റ് സെക്രട്ടറിമാർ അടക്കമുള്ളവരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഓൺലൈൻവഴി ഉന്നതതല യോഗം ചേർന്നത്.
അതിർത്തി സുരക്ഷാ സേന ഡയറക്ടർ ജനറൽ ദൽജിത് സിങ് ചൗധരി, ജമ്മു- കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുമായും അമിത് ഷാ ആശയവിനിമയം നടത്തി. ഇന്ത്യക്കും ഇന്ത്യക്കാർക്കുമെതിരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും തീവ്രവാദത്തെ ഉന്മൂലനം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.