സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. അതിജീവിതയെ പ്രതി വിവാഹം കഴിച്ചാലും പോക്സോ കേസ് നിലനിൽക്കുമെന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 22കാരനായ യുവാവിന് പോക്സോ കേസിൽ പത്ത് വർഷം തടവുശിക്ഷ പ്രഖ്യാപിച്ചാണ് കോടതിയുടെ നിരീക്ഷണം. 17കാരിയെ പീഡനത്തിനിരയാക്കിയതിനാണ് യുവാവിനെതിരെ കേസെടുത്തത്. പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഒരു വ്യക്തിക്കെതിരെ മാത്രമല്ല, സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമായി കണക്കാക്കണമെന്ന് കോടതി വ്യക്തമാക്കി.
പ്രതികളെ ശിക്ഷിക്കാതെ വിട്ടാൽ നിയമത്തിന് പിന്നിലെ ലക്ഷ്യം പരാജയപ്പെടും. അതിജീവിതയുമായി പ്രതി പ്രണയത്തിലായാലും പിന്നീട് വിവാഹം കഴിച്ചാലും പോക്‌സോ കുറ്റം നിലനിൽക്കും. വിവാഹമെന്ന പ്രതിരോധം സ്വീകരിക്കുന്നത് പോക്സോ നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ ദുർബലപ്പെടുത്തുമെന്ന് കോടതി നിരീക്ഷിച്ചു. യുവാവും പെൺകുട്ടിയും അയൽവാസികളായിരുന്നു. ഇവർ പ്രണയത്തിലായിരുന്നുവെന്നും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.
പെൺകുട്ടിയെ മറ്റൊരു വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചതോടെ ഇരുവരും മൈസൂരിലേക്ക് പോയിരുന്നു. എന്നാൽ സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തി ആവാത്തതിനാൽ പോക്‌സോ കേസ് നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായതിനാലാണ് യുവാവിന് ഏറ്റവും കുറഞ്ഞ ശിക്ഷ വിധിച്ചത്.