മമ്മൂട്ടി ചിത്രം ‘കാതൽ’ റിലീസിന് ഖത്തറിലും കുവൈത്തിലും വിലക്ക്; യുഎഇയിൽ പ്രദർശിപ്പിക്കും

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കാതൽ – ദ് കോർ’ റിലീസിന് ഖത്തറിലും കുവൈത്തിലും വിലക്കെന്ന് റിപോർട്ട്. ഈ രാജ്യങ്ങളിൽ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കമാണ് വിലക്കിന് കാരണം എന്നാണു സൂചന. സെൻസർ ബോർഡ് നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്തി വിലക്ക് നീക്കാനുള്ള ശ്രമം നടത്തിവരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, യുഎഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ചിത്രം ഈ മാസം 23ന് തന്നെ റിലീസാകും. ഇതിനകം കാതലിൻറെ പ്രദർശന സമയം യുഎഇ വോക്‌സ് സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനായ ‘കാതൽ – ദ് കോർ’ എന്ന ചിത്തിലൂടെ 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് നടി ജ്യോതി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത.

നേരത്തെ വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ സമാനമായ വിലക്ക് നേരിട്ടിരുന്നു. എൽജിബിടിക്യു ഉള്ളടക്കത്തിന്റെ പേരിലാണ് അന്ന് ചിത്രത്തിന് ഒന്നിലധികം രാജ്യങ്ങളിൽ റിലീസ് നിഷേധിക്കപ്പെട്ടത്. സിനിമയിൽ നിന്ന് 13 മിനിറ്റ് ട്രിം ചെയ്യണമെന്ന് സെൻസർ ബോർഡ് നിർമാതാക്കളോട് ആവശ്യപ്പെട്ടത് അനുസരിച്ചതിനെത്തുടർന്ന് ബഹ്റൈനിൽ നിരോധനം നീക്കിയിരുന്നു. സ്വവർഗ ലൈംഗികത പോലുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമകൾ ഏത് ഭാഷയിലുള്ളതായാലും ചില ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിക്കാറുണ്ട്.

മമ്മൂട്ടിയെയും ജ്യോതികയെയും കൂടാതെ, ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, ആദർശ് സുകുമാരൻ എന്നിവരുൾപ്പെടെ പ്രതിഭാധനരായ ഒരുസംഘം അഭിനയേതാക്കൾ അണിനിരക്കുന്ന ചിത്രമാണ് ‘കാതൽ – ദി കോർ’. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സാലു കെ തോമസാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കവി അൻവർ അലിയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകി ജി.വേണുഗോപാലും കെ.എസ്.ചിത്രയും ആലപിച്ച എന്നും എൻ കാവൽ എന്ന ഗാനം ഇതിനകം സംഗീതപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *