ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് അമേരിക്കയിലെ ലോക പ്രശസ്തമായ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ പ്രഭാഷണം നടത്തുന്നതിനുള്ള അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. സർവകലാശാല പ്രഭാഷണത്തിന് മന്ത്രിയെ ക്ഷണിച്ചതിൻറെ അടിസ്ഥാനത്തിൽ കേന്ദ്രത്തോട് യാത്രാ അനുമതി തേടിയിരുന്നു. എന്നാൽ മന്ത്രിയുടെ യുഎസ് യാത്രയ്ക്കുള്ള രാഷ്ട്രീയ അനുമതി നിഷേധിച്ച് കൊണ്ടാണ് പ്രഭാഷണത്തിനുള്ള അവസരം കേന്ദ്ര സർക്കാർ തടഞ്ഞത്.
മൂന്നാഴ്ച്ച മുമ്പാണ് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ പോകാനായി മന്ത്രി കേന്ദ്രത്തോട് അനുമതി തേടിയത്. എന്നാൽ മൂന്ന് ദിവസം മുമ്പാണ് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആരോഗ്യ ഗവേഷണ സർകലാശാലയാണ് ജോൺസ് ഹോപ്കിൻസ്. 1876ൽ സ്ഥാപിതമായ, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന ജോൺസ് ഹോപ്കിൻസ് അമേരിക്കയിലെ ആദ്യത്തെ ഗവേഷണ സർവകലാശാലയാണ്.