കുറച്ച് ദിവസമായി മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പേരാണ് നടൻ ഷൈൻ ടോം ചാക്കോയുടേത്. അതിനിടയിൽ ഷൈനിന്റെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയും ചർച്ചയാകുകയാണ്.
സിനിമ സെറ്റിൽ ഒരു നടനിൽ നിന്നും മോശം അനുഭവം നേരിട്ടെതായി നടി വിൻ സി അലോഷ്യസ് തുറന്നു പറഞ്ഞിരുന്നു. അതിനിടയിൽ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ഹോട്ടലിൽനിന്ന് ഇറങ്ങിയോടുന്നതിന് ഒരു മണിക്കൂർ മുമ്പ് ഷൈൻ ഇട്ട ഇൻസ്റ്റ സ്റ്റോറി പോസ്റ്റാണ്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും സിനിമ സെറ്റിൽവെച്ച് നടനിൽനിന്ന് മോശം അനുഭവം നേരിട്ടെന്നും ഇൻസ്റ്റഗ്രാമിലെ വീഡിയോയിലൂടെ വിൻ സി തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട വാർത്തയാണ് ഷൈൻ സ്റ്റോറി ആക്കിയിരിക്കുന്നത്. ഈ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത് രാത്രി പത്ത് മണിക്കാണ്. രാത്രി 10.58-നാണ് ഷൈൻ ഇറങ്ങിയോടിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വിൻ സി നടന്റെ പേരും സിനിമയുടെ പേരും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് വിൻ സി നൽകിയ പരാതി പുറത്തുവരികയും നടൻ ഷൈൻ ടോം ചാക്കോയാണെന്ന് പരസ്യമാകുകയുമായിരുന്നു. നടന്റേയും സിനിമയുടേയും പേര് പുറത്തുപറയരുതെന്ന് താൻ പരാതിയിൽ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് പരസ്യമായതെന്ന് അറിയില്ലെന്നും വിൻ സി പ്രതികരിച്ചിരുന്നു.
അതേസമയം, വിൻ സിയുടെ പരാതി പരിശോധിക്കാൻ താരംസംഘടനയായ അമ്മ മൂന്നംഗ സമിതി രൂപവത്കരിച്ചു. അൻസിബ, സരയൂ, വിനു മോഹൻ എന്നിവരാണ് സമിതിയംഗങ്ങൾ. ഷൈനിൽനിന്ന് സമിതി വിശദീകരണം തേടും.