വന്നതിന് നന്ദി, ഒപ്പം അവസാനം പറഞ്ഞ വാചകത്തിനും; പ്രധാനമന്ത്രിയുമായുള്ള സംഭാഷണം വെളിപ്പെടുത്തി മുഖ്യമന്ത്രി

വികസന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് സംസ്ഥാനത്തെ കയ്യൊഴിയുന്ന നിലപാടെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പൊതുവായ പുരോഗതിയിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കുമ്പോഴും സഹായിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ഇതിന് മുതിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാലക്കാട് ജില്ലാ അവലോകന യോഗത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണം ഉദ്ധരിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വികസന കാര്യങ്ങളിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് നിന്നതിന്റെ ഉദാഹരണം എന്ന നിലയിലാണ് വിഴിഞ്ഞത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ വിശേഷിപ്പിച്ചത്.

”സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് വികസന കാര്യങ്ങളിൽ ഒന്നിച്ച് നീങ്ങണം. അതിന്റെ തെളിവാണ് വിഴിഞ്ഞം തുറമുഖം എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ചടങ്ങിന് ശേഷം പ്രധാനമന്ത്രിയെ യാത്രയാക്കാൻ വിമാനത്താവളത്തിൽ പോയി. അവിടെ വച്ച് അദ്ദേഹത്തോട് ‘വന്നതിന് നന്ദി, ഒപ്പം അവസാനം പറഞ്ഞ വാചകത്തിനും നന്ദി. എന്ന് പറഞ്ഞു. വികസന കാര്യങ്ങളിൽ സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് ഒന്നിച്ച് നിൽക്കണം എന്ന കാര്യമായിരുന്നു സൂചിപ്പിച്ചത്. പക്ഷേ പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. ഒരു ചിരിയായിരുന്നു മറുപടി. എന്തായിരുന്നു ആ ചിരിയുടെ അർത്ഥം എന്ന് എല്ലാവർക്കും അറിയാം. പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞത് ഇതുവരെ ഉണ്ടാകാതിരുന്ന ഒരു കാര്യമായിരുന്നു”. എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തിന്റെ മുന്നേറ്റം സംസ്ഥാനത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. വലിയ പങ്ക് കേരളത്തിനുണ്ട്. ആ പങ്ക് കേരളത്തിന് ലഭിച്ചില്ല. അത് വേദനിപ്പിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

പ്രതിസന്ധികൾ മറികടന്ന് സംസ്ഥാനം പിടിച്ചു നിന്നത് തനത് വരുമാനം വർധിപ്പിച്ചാണ്. കോവിഡ് കാലത്ത് നേരിട്ട തിരിച്ചടി വേഗത്തിൽ മറികടക്കാൻ കഴിഞ്ഞു. ഇത് ജന പങ്കാൽത്തോടെ സാധ്യമായതാണ്. ഒരുമയുടെയും ഐക്യത്തിന്റെയും ഭാഗമായാണ് ഇത് സംഭവിച്ചത്. മുന്ന് വർഷത്തെ തനത് വരുമാന കണക്ക് പരിശോധിച്ചാൽ കേരളത്തിന്റെ തനത് നികുതി വരുമാനം 47,000 കോടിയിൽ നിന്ന് 81,000 കോടിയായി വർധിപ്പിക്കാൻ ആയി. ആകെയുള്ള തനത് വരുമാനം 55,000 കോടിയിൽ നിന്ന് 1,04,000 കോടിയായി വർധിപ്പിക്കാൻ കഴിഞ്ഞു. ഇതാണ് പിടിച്ചു നിൽക്കാൻ സഹായിച്ചത്. ആവശ്യമായ സഹായമല്ല, ഒരു സഹായവും ലഭിച്ചില്ല. സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് ഉണ്ടായത്. പിടിച്ച് നിൽക്കാൻ കഴിഞ്ഞത് തനത് വരുമാനത്തിലെ വർധന നേടിയത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *