മണിപ്പൂർ സംഘർഷം; എല്ലാ ട്രെയിനുകളും റദ്ദാക്കി; എംഎൽഎയ്ക്കു നേരെ ആക്രമണം

സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവെ റദ്ദാക്കി. മണിപ്പുർ സർക്കാരിന്റെ അഭ്യർഥന മാനിച്ചാണിത്. സ്ഥിതിഗതികൾ സാധാരണ നിലയിലാകാതെ ഒരു തീവണ്ടിയും മണിപ്പൂരിലേക്ക് പ്രവേശിക്കില്ലെന്ന് അധികൃതർ അറിയിച്ചു. പ്രാഥമിക നടപടിയെന്ന നിലയിൽ നാല് തീവണ്ടികൾ റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്. മണിപ്പുർ സർക്കാർ ഇന്റർനെറ്റ് സർവീസുകൾ അഞ്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ഗവർണറും നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുള്ളത്.

അതിനിടെ ഇംഫാലിൽവച്ച് ബിജെപി എംഎൽഎ വുങ്സെയിൻ വാൾട്ടെയേയും അദ്ദേഹത്തിന്റെ ഡ്രൈവറെയും ജനക്കൂട്ടം അക്രമിച്ചു. ചികിത്സയിൽ കഴിയുന്ന എംഎൽഎയുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയശേഷം സെക്രട്ടേറിയറ്റിൽനിന്ന് മടങ്ങവെയാണ് ബിജെപി എംഎൽഎയ്ക്കുനേരെ അക്രമമുണ്ടായത്. അദ്ദേഹത്തെയും ഡ്രൈവറെയും ജനക്കൂട്ടം ആക്രമിച്ചു. കുകി വിഭാഗക്കാരനായ അദ്ദേഹം കഴിഞ്ഞ ബിജെപി സർക്കാരിൽ ഗോത്രവർഗകാര്യ മന്ത്രിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *