ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ ഗൂഡനീക്കമെന്ന് കെപിസിസി പ്രസിഡന്‍റ്

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഡനീക്കത്തിന്‍റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ആരോപിച്ചു. അതേസമയം രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതുസമ്മേളനവും സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ജനുവരി 28 നാണ് സംസ്ഥാനത്തുടനീളം മണ്ഡലം തലത്തില്‍ വൈകുന്നേരം 4 ന് പൊതുസമ്മേളനവും സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ജീവന്‍ വെച്ചാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയം കളിക്കുന്നതെന്നു പറഞ്ഞ കെ സുധാകരന്‍ അതീവ സുരക്ഷ വേണ്ടുന്ന മേഖലയാണ് കശ്മീര്‍ താഴ്‌വരയെന്നും ഒരു മുന്നറിയിപ്പുമില്ലാതെയാണ് ജോഡോ യാത്രയ്ക്ക് നല്‍കിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിന്‍വലിച്ചതെന്നും പറഞ്ഞു.

ഇതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ബാഹ്യയിടപെടല്‍ ഉണ്ടായിട്ടുന്നെതില്‍ സംശയമില്ല. മതിയായ സുരക്ഷ ഒരുക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടതാണ്. അപ്രതീക്ഷിതമായി സുരക്ഷ പിന്‍വലിക്കാനുണ്ടായ സാഹചര്യമെന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിഷ് ഷായും ഇന്ത്യന്‍ ജനതയോട് തുറന്ന് പറയണമെന്നും ഈ ദുരൂഹമായ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *