പരസ്യമായി പ്രതികരിച്ചത് തെറ്റായിപ്പോയി; നിലപാട് മയപ്പെടുത്തി പദ്മകുമാര്‍

സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതില്‍ ഇടഞ്ഞുനിന്ന സിപിഎം നേതാവ് എ പദ്മകുമാര്‍ നിലപാട് മയപ്പെടുത്തി.

പരസ്യപ്രതികരണം നടത്തിയത് തെറ്റായിപ്പോയി. പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടിയിരുന്നത്. അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്ബര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചു പോയതാണെന്നും പദ്മകുമാര്‍ പറഞ്ഞു.

അതിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമമില്ല. കേഡറിന് തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്ന പാര്‍ട്ടിയാണ് സിപിഎം. മുതിര്‍ന്ന നേതാക്കളില്‍ പലരും വിളിച്ചു. 52 വര്‍ഷത്തോളം ഈ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലേ. ഇപ്പോള്‍ 66 വയസ്സായി. കൂടിവന്നാല്‍ 75 വയസ്സുവരെ കാണുമായിരിക്കുമെന്നാണ് വിചാരിക്കുന്നത്. എന്നെ വളര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനത്തിനെതിരെ അവസാനകാലത്ത് പ്രവര്‍ത്തിക്കുമെന്നാണോ കരുതുന്നതെന്ന് പദ്മകുമാര്‍ ചോദിച്ചു.

ബിജെപി നേതാക്കള്‍ വന്ന് തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് പദ്മകുമാര്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ വീട്ടിലെത്തിയത് മാധ്യമ ശ്രദ്ധ കിട്ടാനാണ്. താന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ബിജെപി നേതാക്കള്‍ വീട്ടില്‍ വന്നത്. ബിജെപിക്കാര്‍ വീട്ടില്‍ വന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നും സംശയമുണ്ട്. ഫെയ്‌സ്ബുക്കില്‍ അപ്പോഴത്തെ വികാരത്തില്‍ പോസ്റ്റിട്ടതാണ്. അതു ശരിയല്ലെന്ന് തോന്നിയപ്പോള്‍ ഒരുമണിക്കൂറിനകം തിരുത്തുകയും ചെയ്തിരുന്നു.സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധ അലയൊലികള്‍ സ്വാഭാവികമാണ്. അത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പരിഹരിക്കും. 52 വര്‍ഷമായി സിപിഎമ്മിലാണ് പ്രവര്‍ത്തിച്ചത്. വേറെ എങ്ങു നിന്നും കയറി വന്നതല്ല. ജനപ്രതിനിധിയാകാമെന്ന് കരുതി വന്നതുമല്ല. അടിയന്തരാവസ്ഥയ്ക്ക് മുമ്ബാണ് പാര്‍ട്ടിയില്‍ വരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. ചെറുപ്പത്തില്‍ എംഎല്‍എയായിപ്പോയി എന്ന കുഴപ്പമേ സംഭവിച്ചിട്ടുള്ളൂ. നാളെ നടക്കുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കുമെന്നും എ പദ്മകുമാര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *