കോന്നി ആനക്കൊട്ടിലിൽ നാലുവയസുകാരൻ മരിച്ച സംഭവം: സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കും

കോന്നി ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂണ് വീണ് നാല് വയസുകാരൻ മരിച്ചതിനെ തുടർന്ന് സസ്പെൻഷൻ നടപടി നേരിട്ട വനം വകുപ്പ് ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവ്. അഞ്ച് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനാണ് പ്രിൻസിപ്പൽ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ ഉത്തരവ് ഇറക്കിയത്.

കഴിഞ്ഞ മാസം 18 നാണ് കോന്നി ആനക്കൊട്ടിലിൽ നാലുവയസുകാരൻ അപകടത്തിൽ മരിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക റിപ്പോർട്ടിലുണ്ടായിരുന്നു. പ്രദേശത്ത് ബലക്ഷയം സംബന്ധിച്ച പരിശോധന നടത്തിയില്ലെന്നും സുരക്ഷാ പരിശോധന നടത്തുന്നതിലും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അന്തിമ റിപ്പോർട്ട് വനംമന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് അഞ്ച് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. ജീവനക്കാരുടെ ക്ഷാമവും വന്യജീവി ശല്യം പെരുകിയിരിക്കുന്ന സാഹചര്യവും പരിഗണിച്ചാണ് ജീവനക്കാരെ തിരിച്ചെടുത്തതെന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം.

അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിറാം ആണ് മരിച്ചത്. കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ തൂൺ ഇളകി കുഞ്ഞിന്‍റെ തലയിൽ വീഴുകയായിരുന്നു. തൂണിന് നാലടിയോളം ഉയരമുണ്ട്. കുട്ടിയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ആനത്താവള സൗന്ദര്യവൽകരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് അപകടമുണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *