തെരഞ്ഞെടുപ്പിന് തൊട്ട് മുൻപായി കെപിസിസി അഴിച്ചു പണിയാൻ തീരുമാനം. ഇതിന്റെ ഭാഗമായി കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. അടുത്ത മാസം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് വിവരം. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് കെപിസിസി നേതൃമാറ്റത്തിന് കോൺഗ്രസ് ഒരുങ്ങുന്നത്.
സംഘടനയിൽ സമൂല മാറ്റം വേണമെന്ന് തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം കനഗൊലു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മാത്രമല്ല നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷനാകാൻ അടൂർ പ്രകാശ് താൽപര്യം പ്രകടിപ്പിച്ചു. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേതാക്കൾക്കിടയിലെ ഐക്യത്തിന് ഹൈക്കമാൻഡ് ആവശ്യപ്പെടും. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, റോജി എം ജോൺ എന്നിവരുടെ പേരുകൾ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. കൂടാതെ ഡിസിസി അധ്യക്ഷൻമാർക്കും മാറ്റം ഉണ്ടായേക്കും.