ഗാസയിൽ ഏത് നിമിഷവും യുദ്ധ പുനരാരംഭിക്കാൻ സജ്ജമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്‍റെ ലക്ഷ്യം ചർച്ചകളിലൂടെയോ മറ്റ് വഴികളിലൂടെയോ നേടുമെന്ന് നെതന്യാഹു ഒരു സൈനിക ചടങ്ങിൽ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദി കൈമാറ്റത്തിൽ വലിയ തർക്കം നിലനിൽക്കുന്നതിനിടെയാണ് പരാമർശം.
സമ്പൂർണ്ണ വിജയം എന്ന ലക്ഷ്യത്തിലെത്തുമെന്ന് നെതന്യാഹു പ്രസംഗത്തിൽ വ്യക്തമാക്കി. എല്ലാ ബന്ദികളയും വീടുകളിൽ തിരികെ എത്തിക്കും. ഹമാസ് ഗാസ ഭരിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. കൊച്ചുകുഞ്ഞുങ്ങളെ പോലും കൊലപ്പെടുത്തിയ ദുഷ്ടന്മാരാണ് ഹമാസെന്നും അവരെ പരാജയപ്പെടുത്തുമെന്നും നെതന്യാഹു പറഞ്ഞു.
“വിജയം, വിജയം, വിജയം മാത്രം. വിജയം ചർച്ചകളിലൂടെ നേടാനാകും. മറ്റ് വഴികളിലൂടെയും നേടാം” എന്നാണ് നെതന്യാഹു പറഞ്ഞത്. ഇസ്രയേലിന് നിർണായക ആയുധങ്ങൾ നൽകുന്നതിന് നെതന്യാഹു ട്രംപിന് നന്ദി പറഞ്ഞു. പുതിയ പ്രതിരോധവും പുതിയ ആയുധങ്ങളും സമ്പൂർണ വിജയം കൈവരിക്കുന്നതിന് വളരെയധികം സഹായിക്കുമെന്നും നെതന്യാഹു വിശദീകരിച്ചു.
602 പലസ്തീൻ തടവുകാരെ വിട്ടയക്കുന്നത് ഇസ്രയേൽ നീട്ടിവെച്ചു. അടുത്ത ഘട്ടത്തിൽ മോചിപ്പിക്കപ്പെടുന്ന ഇസ്രയേലി ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണമെന്ന് ആവശ്യപ്പെട്ടാണ് നടപടി. ശേഷിക്കുന്ന ബന്ദികളിൽ ചിലർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സംശയിക്കുന്നു. കഴിഞ്ഞ ബന്ദി കൈമാറ്റത്തിൽ ബന്ദികളെ പൊതുവേദിയിൽ പ്രദർശിപ്പിച്ചതും സംസാരിപ്പിച്ചതും ഇസ്രയേലിനെ പ്രകോപിപ്പിച്ചു. ഇതേസമയം ഇസ്രയേൽ ബന്ദി മോചന കരാർ ലംഘിക്കുകയാണെന്ന് ഹമാസ് പ്രതികരിച്ചു.