പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കർദിനാൾ കോൺക്ലേവ് നാളെ തുടങ്ങും. കോൺക്ലേവിന് മുന്നോടിയായി എല്ലാ കർദിനാൾമാരും പങ്കെടുക്കുന്ന യോഗം ഇന്ന് നടക്കും. ഇന്നലെ നടന്ന യോഗത്തിൽ വോട്ടവകാശമുള്ള 132 പേർ അടക്കം, 179 കർദിനാൾമാരാണ് പങ്കെടുത്തത്.വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് ഇപ്പോൾ വത്തിക്കാനിലുള്ളത്. വോട്ടവകാശമുള്ള കർദിനാൾമാർ ചൊവ്വാഴ്ചയോടെ സാന്താ മാർത്താ അതിഥിമന്ദിരത്തിലേക്ക് താമസം മാറി. കോൺക്ലേവിനു മുന്നോടിയായി സിസ്‌റ്റൈൻ ചാപ്പലിനു മുകളിൽ പുകക്കുഴൽ ഘടിപ്പിച്ചതിനു പിന്നാലെ ബാലറ്റുകൾ കത്തിക്കുന്നതിനുള്ള സ്റ്റൗ അടുപ്പും സ്ഥാപിച്ചിട്ടുണ്ട്.
മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവ് എത്ര ദിവസം നീളുമെന്ന് കൃത്യമായി പറയാനാകില്ല. മണിക്കൂറുകൾക്കകം പാപ്പയെ കണ്ടെത്തിയതും, 2 വർഷവും 9 മാസവും നീണ്ടതുമായ കോൺക്ലേവുകൾ ചരിത്രത്തിലുണ്ട്. വത്തിക്കാൻ മുൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാകും കോൺക്ലേവിന്റെ അധ്യക്ഷൻ.ജനത്തോട് അടുത്തുനിൽക്കുന്ന ഇടയനെയാണ് പുതിയ മാർപാപ്പയായി പ്രതീക്ഷിക്കുന്നതെന്ന് കോൺക്ലേവിനു മുന്നോടിയായുള്ള കർദിനാൾമാരുടെ ചർച്ചയിൽ പലരും അഭിപ്രായപ്പെട്ടതായി വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചതിനെത്തുടർന്നാണ് പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് തുടങ്ങുന്നത്.