കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം സെൻറ് പീറ്റേഴ്‌സ് ബസലിക്കയിൽ ഇന്ന് മുതൽ പൊതുദർശനത്തിന് വയ്ക്കും. റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിലാണ് പോപ്പിൻറെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച നടക്കുക.അത് വരെയാണ് പൊതുദർശനം. അതേ സമയം ഇറ്റാലിയൻ പ്രസിഡൻറ് സെർജിയോ മാറ്ററെല്മാലെ മാർപാപ്പക്ക് അന്തിമോപചാരം അർപ്പിക്കാൻ വത്തിക്കാനിലെത്തി. ഇന്ന് മുതൽ വിവിധ രാഷ്ട്രത്തലവൻമാർ വത്തിക്കാനിലെത്തും.
തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.35ഓടെയായിരുന്നു പാപ്പയുടെ അന്ത്യം. മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചിരുന്നു. വത്തിക്കാൻ ഡയറക്ട്രേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രെഫസർ ആൻഡ്രിയ ആർക്കെഞ്‌ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരിക്കെയാണ് പോപ്പ് വിടവാങ്ങിയത്. പോപ്പ് ഫ്രാൻസിസിൻറെ വിയോഗത്തോടെ വത്തിക്കാൻറെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും പോപ്പിൻറെ പേരും ചിത്രവും മാറ്റി. തനിക്ക് വിശ്രമമൊരുക്കേണ്ടത് റോമിലെ സെൻറ് മേരി മേജർ ബസലിക്കയിലായിരിക്കണമെന്നാണ് പോപ്പിൻറെ മരണപത്രത്തിലുള്ളത്.
ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറയുന്നു. മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും സെൻറ് പീറ്റേഴ്‌സ് ബസലിക്കയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. മരണശേഷം നാലു മുതൽ ആറുദിവസത്തിനുള്ളിൽ ഭൗതികദേഹം സംസ്‌കരിക്കണം. തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണവും നടത്തും.
മനുഷ്യത്വപരമായ നിരവധി ഇടപെടലുകളിലൂടെ ശ്രദ്ധേയനായ മാർപാപ്പ കൂടിയായിരുന്നു പോപ്പ് ഫ്രാൻസിസ്. ഏറ്റവും ഒടുവിൽ ഈസ്റ്റർ ദിന സന്ദേശത്തിലും ഗസ്സയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.