പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ഇന്ന് തുടക്കം . ഇന്ത്യൻ സമയം രാത്രി 8നാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. വോട്ടവകാശമുള്ള 133 കർദിനാളുകളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ടുകൾ നേടുന്നവർക്ക് പാപ്പാ പദവി ലഭിക്കും.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ബലിയർപ്പിച്ച ശേഷം, കർദിനാൾമാർ വൈകിട്ട് പോളീൻ ചാപ്പലിനു മുന്നിൽ ലിത്തനി ചൊല്ലിയും പ്രാർത്ഥനാഗാനങ്ങൾ ആലപിച്ചും കോൺക്ലേവ് ആരംഭിക്കും. ബൈബിളിൽ തൊട്ടു സത്യം ചെയ്ത ശേഷമാകും വോട്ടെടുപ്പ് നടക്കുക. ഇന്ന് ഒന്നിലധികം വോട്ടെടുപ്പ് നടക്കില്ല.
നാളെ മുതൽ ദിവസത്തിൽ നാല് വോട്ടെടുപ്പുകൾ വീതം നടത്തും – രാവിലെയും ഉച്ചകഴിഞ്ഞും രണ്ടുകൂടെ. മുൻപ് 2013-ലെ കോൺക്ലേവിൽ രണ്ടാം ദിവസമാണ് ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.
ഇത്തവണ തിരഞ്ഞെടുപ്പ് നീണ്ടേക്കുമെന്ന് വിലയിരുത്തലുണ്ട്. ആദ്യമായാണ് 120ൽ ഏറെപ്പേർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്; എണ്ണത്തിലെ വർധന ഒരാൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലെത്തുന്നതു നീണ്ടുപോകാൻ കാരണമാകാം.
ഫ്രാൻസിസ് പാപ്പയുടെ കാലത്തുതന്നെ സഭയുടെ നിലപാടുകളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിന്റെ തുടർച്ചയെന്നോണം, പുതിയ പാപ്പ എത്തരത്തിലുള്ള വ്യക്തിയാകണം എന്നതിൽ ശക്തമായ കാഴ്ചപ്പാടുകൾ കർദിനാൾമാർക്കുണ്ട്.എന്നാൽ, കോൺക്ലേവ് നീണ്ടുപോകുന്നത് സഭയിൽ ഭിന്നതയെന്ന പ്രതീതി സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കാനെന്നോണം ആദ്യ 3 ദിവസത്തിനകം തീരുമാനത്തിലെത്താനുള്ള ശ്രമം ഉണ്ടാകുമെന്നും വിലയിരുത്തുന്നവരുമുണ്ട്.