യു.എ.ഇ സെൻട്രൽ ബാങ്ക് 100 ദിർഹമിന്റെ പുതിയ പോളിമർ നോട്ട് പുറത്തിറക്കി. നൂതന രൂപകൽപനയും ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പുതിയ നോട്ട് രൂപപ്പെടുത്തിയത്. തങ്കളാഴ്ച മുതൽ നോട്ട് ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. നേരത്തേയുള്ള പഴയ നോട്ടിനൊപ്പം പുതിയതും പൊതുജനങ്ങൾക്ക് ഉപയോഗത്തിനായി ലഭിക്കും. നിലവിലുള്ള പേപ്പർ, പോളിമർ നോട്ടുകൾക്കൊപ്പം പുതിയ നോട്ടുകളുടെ സുഗമമായ ഇടപാട് ഉറപ്പാക്കാൻ എല്ലാ ബാങ്കുകളും എക്സ്ചേഞ്ച് ഹൗസുകളും അവരുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും എണ്ണൽ ഉപകരണങ്ങളും പ്രോഗ്രാം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
ചുവപ്പിന്റെ വിവിധ ഷേഡുകൾ ഉപയോഗിച്ചുള്ള പുതിയ ബാങ്ക് നോട്ടിന്റെ രൂപകൽപന വ്യത്യസ്തത അനുഭവപ്പെടുന്നതാണ്. എന്നാൽ, നിലവിലെ നോട്ടിന്റെ നിറം അടക്കമുള്ള സവിശേഷതകൾ നിലനിർത്തിയിട്ടുമുണ്ട്. കൂടാതെ, നൂതന പ്രിന്റിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് രൂപപ്പെടുത്തിയ ചിത്രങ്ങളും ലിഖിതങ്ങളും ഉപയോഗിച്ചിട്ടുമുണ്ട്. പുതിയ നോട്ടിന്റെ മുൻവശത്ത് ഉമ്മുൽ ഖുവൈൻ ദേശീയ കോട്ടയുടെ ചിത്രമാണുള്ളത്.
മറുവശത്ത് രാജ്യത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നും ഒരു പ്രധാന ഷിപ്പിങ്, സമുദ്ര ഗതാഗത കേന്ദ്രവുമായ ഫുജൈറ തുറമുഖത്തിന്റെയും ഇത്തിഹാദ് റെയിലിന്റെയും ചിത്രങ്ങളുമുണ്ട്. പോളിമർ ബാങ്ക് നോട്ടുകൾ പരമ്പരാഗത പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ ഈടുനിൽക്കുന്നതും സുസ്ഥിരവുമാണ്. രണ്ടോ അതിലധികമോ മടങ്ങ് കൂടുതൽ കാലം ഇവ നിലനിൽക്കും. അന്ധരും കാഴ്ച വൈകല്യമുള്ളവരുമായ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്നതിന് പ്രമുഖ ബ്രെയിൽ ചിഹ്നങ്ങളും ചേർത്തിട്ടുണ്ട്.