റമദാൻ അവസാന പത്തിൽ മക്ക-മദീന റൂട്ടിലെ ഹറമൈൻ ട്രെയിൻ സർവിസുകളുടെ എണ്ണം വർധിപ്പിച്ചു. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടന്നാണിത്. പ്രതിദിനം 130 ട്രിപ്പുകൾ നടത്താനാണ് സൗദി റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ റമദാനിൽ മക്കക്കും മദീനക്കുമിടയിൽ തീർഥാടകരുടെയും സന്ദർശകരുടെയും ഗതാഗതം കൂടുതൽ സുഗമമാകും. റമദാനിന്റെ തുടക്കത്തിൽ 3,400ലധികം ട്രിപ്പുകളിലായി 16 ലക്ഷത്തിലധികം സീറ്റുകൾ ഉൾപ്പെടുന്ന ഹറമൈൻ എക്സ്പ്രസ് ട്രെയിനിന്റെ പ്രവർത്തന പദ്ധതി സൗദി റെയിൽവേ പ്രഖ്യാപിച്ചിരുന്നു.
അതേ സമയം, റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഹറമൈൻ സ്റ്റേഷനുകളിൽ തിരക്കേറി. ഇതോടെ മദീനയിലെ സ്റ്റേഷനിലെ ഗേറ്റുകളുടെ എണ്ണം എട്ടിൽനിന്ന് 24 ആയി ഉയർത്തി.
യാത്രക്കാരെ സ്വീകരിക്കുന്നതിനും യാത്രയയക്കുന്നതിനുമായി രണ്ട് അധിക ഹാളുകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേഷനും മസ്ജിദുന്നബവിക്കുമിടയിൽ സൗജന്യ ഗതാഗത സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.