സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്ഷർ വഴി നടന്ന ഇടപാടുകൾ രണ്ടരക്കോടി കടന്നു. കഴിഞ്ഞ മാസത്തെ മാത്രം കണക്കാണിത്. അബ്ഷർ പ്ലാറ്റ്ഫോമിന്റെ സേവനങ്ങൾ വികസിപ്പിച്ചതിന്റെ പ്രതിഫലനം കൂടിയാണ് ഈ നേട്ടം. കഴിഞ്ഞ മാസം മൊത്തം രണ്ടു കോടി അറുപത്തി മൂന്ന് ലക്ഷത്തിലധികം ഇലക്ട്രോണിക് ഇടപാടുകളാണ് അബ്ഷർ വഴി നടന്നത്.
ജനുവരിയിലെ മാത്രം കണക്കാണിത്. ഇതിൽ രണ്ട് കോടിയിലധികം ഇടപാടുകൾ നടന്നത് അബ്ഷർ ഇൻഡിവിജ്വൽ വഴിയാണ്. ഒരു കോടിയിലധികം ഡോക്യുമെന്റ് പരിശോധനാ ഇടപാടുകൾ ഡിജിറ്റൽ വാലറ്റിലൂടെ നടന്നു. അബ്ഷർ ബിസിനസ് പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്തത് 29 ലക്ഷത്തിലധികം ഇടപാടുകളാണ്. സർക്കാർ സേവനമായ പബ്ലിക് സെക്യൂരിറ്റി ഇടപാടുകൾ 33 ലക്ഷം കവിഞ്ഞു.
പാസ്പോർട്ട് വിഭാഗത്തിൽ 26 ലക്ഷവും, സിവിൽ സ്റ്റാറ്റസ് വിഭാഗത്തിൽ നാല് ലക്ഷത്തിലധികവും ഇടപാടുകളായി. ആഭ്യന്തര മന്ത്രാലയം അബ്ഷർ വഴി 2.8 കോടിയിലധികം യൂണിഫൈഡ് ഡിജിറ്റൽ ഐഡന്റിറ്റികളും അനുവദിച്ചിരുന്നു. അബ്ഷർ പ്ലാറ്റ്ഫോമിന്റെ സേവനങ്ങൾ വികസിപ്പിച്ചതിന്റെ പ്രതിഫലനം കൂടിയാണ് ഇടപാടുകളുടെ വർധന.