ഷാർജയിൽ വാഹന നമ്പർ പ്ലേറ്റിന് പുതിയ രൂപം

ഷാർജയിലെ വാഹനങ്ങളുടെ നമ്പർപ്ലേറ്റുകൾക്ക് ഇനി പുതിയ രൂപം. മാർച്ച് മൂന്നു മുതൽ വാഹന ഉടമകൾക്ക് പഴയ നമ്പർപ്ലേറ്റുകൾ മാറ്റി പുതിയ രൂപത്തിലുള്ള നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കാം. സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആധുനിക സൗന്ദര്യശാസ്ത്രവും നൂതന മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ നമ്പർപ്ലേറ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീർ പറഞ്ഞു.

എമിറേറ്റിലുടനീളമുള്ള എല്ലാ സർവിസ് സെൻററുകളിലും ഇതിനായുള്ള സൗകര്യം ലഭ്യമാകും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വികസന കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് വാഹന നമ്പർപ്ലേറ്റുകളിൽ പുതിയ പരിഷ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ മുൻനിര നഗരമെന്ന നിലയിലും ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എമിറേറ്റ് എന്ന നിലയിലും ഷാർജയുടെ വികസന നയങ്ങൾ പ്രതിഫലിക്കുന്നതാണ് പുതിയ തീരുമാനം. കലാപരമായ ഘടകങ്ങൾക്കൊപ്പം കാഴ്ചക്ക് ഭംഗി നൽകുന്നതുമാണ് പുതിയ നമ്പർ പ്ലേറ്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *