ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിലേക്ക് കൂടുതൽ യാത്രാസേവനങ്ങൾ

ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലേക്കുള്ള സേവനങ്ങൾ വിപുലീകരിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (അബുദാബി മൊബിലിറ്റി) അധികൃതർ അറിയിച്ചു. റംസാനിലെ അവസാന പത്തുദിവസങ്ങളിൽ പൊതുവേ വിശ്വാസികളുടെ തിരക്ക് വർധിക്കാറുണ്ട്. രാത്രികാല പ്രാർഥനകളിൽ പങ്കെടുക്കാനെത്തുന്നവർക്ക് സൗകര്യപ്രദമായ ഗതാഗതസേവനങ്ങൾ നൽകാനാണ് അബുദാബി മൊബിലിറ്റി ലക്ഷ്യമിടുന്നത്.

അൽ റബ്ദാൻ പ്രദേശത്തെ ബസ് ഇന്റർചേഞ്ചിനെയും ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനെയും ബന്ധിപ്പിക്കാൻ 10 സൗജന്യ ബസ് സർവീസുകൾ ആരംഭിച്ചു. മോസ്കിന് ചുറ്റുമുള്ള റോഡുകളിൽ നിരീക്ഷണം ശക്തമാക്കി. ഗതാഗതക്കുരുക്കും അടിയന്തര സാഹചര്യങ്ങളുമുണ്ടായാൽ അതിവേഗ പ്രതികരണം ഉറപ്പാക്കാനാണ് നിരീക്ഷണം ഊർജിതമാക്കിയത്. സന്ദർശകരെ പാർക്കിങ് പ്രദേശങ്ങളിലേക്ക് വഴികാണിക്കാൻ ഇലക്ട്രോണിക് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. മോസ്കിന്റെ പരിസരത്തുള്ള ഇന്റർസെക്‌ഷനുകളിൽ ഗതാഗതം സുഗമമാക്കാൻ ഫീൽഡ് ഇൻസ്‌പെക്ടർമാരെ നിയോഗിച്ചു. സുരക്ഷിതഗതാഗതം ഉറപ്പാക്കാൻ പട്രോളിങ്ങും വർധിപ്പിച്ചിട്ടുണ്ട്. മോസ്കിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് ഇപ്പോൾ പ്രദേശത്ത് 100 ടാക്സികൾ വിന്യസിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ യാത്രാ ആവശ്യകതകൾ പരിഹരിക്കാൻ ടാക്സികളുടെ എണ്ണം വർധിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

റംസാനിൽ പ്രതിദിനം 35,000-ലേറെ ആളുകൾക്ക് നോമ്പുതുറയ്ക്ക് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സൗകര്യമൊരുക്കുന്നുണ്ട്. ദിവസവും 45,000-ലേറെ ഇഫ്താർ കിറ്റുകളും വിതരണംചെയ്യുന്നുണ്ട്. സൂര്യാസ്തമയത്തിന് മുന്നോടിയായി ആയിരക്കണക്കിനാളുകളാണ് മോസ്കിലേക്കെത്തുന്നത്. വിശ്വാസികളെ സ്വീകരിക്കാനും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്യാനും സന്നദ്ധപ്രവർത്തകരും സജീവമാണ്. സന്ദർശകരെ കാർ പാർക്കിങ് സ്ഥലങ്ങളിൽനിന്ന് ഇഫ്താർ പ്രദേശത്തേക്ക് എത്തിക്കാൻ 70 വൈദ്യുത കാറുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *