വിദേശ ഉടമസ്ഥതയിലുള്ള കമ്പനികൾ സ്ഥാപിതമായതിന് ശേഷം ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കേണ്ടത് നിർബന്ധമാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ദേശീയ തൊഴിൽ ശക്തി പങ്കാളിത്തത്തെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
കഴിഞ്ഞ വർഷം സുൽത്താനേറ്റിനുള്ളിൽ വിദേശ നിക്ഷേപ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രധാന നടപടികൾ വാർഷിക മാധ്യമ സമ്മേളനത്തിൽ വിശദീകരിക്കവെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലുള്ള ചട്ടങ്ങൾക്ക് അനുസൃതമായി, ചില വിഭാഗങ്ങളിലെ തൊഴിലാളികൾ വാണിജ്യ രേഖകൾ തുറക്കുന്നതിനോ വിദേശ നിക്ഷേപ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ വിലക്കുണ്ടെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആവർത്തിച്ചു.
ഗാർഹിക തൊഴിലാളികളും സമാന തൊഴിൽ വിഭാഗങ്ങളിലുള്ളവരും ഉൾപ്പെടെയുള്ള സ്വകാര്യ തൊഴിലാളികൾക്കും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികൾക്കും വാണിജ്യ രജിസ്ട്രേഷനുകൾക്ക് അപേക്ഷിക്കാൻ അനുവാദമില്ല. നിക്ഷേപ അന്തരീക്ഷത്തിന്റെ സമഗ്രത ഉയർത്തിപ്പിടിക്കുന്നതിനും വാണിജ്യപ്രവർത്തനങ്ങൾ ഒമാന്റെ സാമ്പത്തിക വികസന മുൻഗണനകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ സജീവ കരാറുകളുള്ള ജീവനക്കാർക്ക് വിദേശ മൂലധന നിക്ഷേപ നിയമപ്രകാരം പ്രത്യേക വ്യവസ്ഥകളിൽ മാത്രമേ ബിസിനസുകൾ സ്ഥാപിക്കാൻ കഴിയൂ എന്നും മന്ത്രാലയം ആവർത്തിച്ചു. തൊഴിലുടമയുടെ അംഗീകാരം നേടുക, നിലവിലുള്ള തൊഴിൽ കരാർ അവസാനിപ്പിക്കുക, അല്ലെങ്കിൽ സ്പോൺസർഷിപ് ഔപചാരിക കൈമാറ്റം സമർപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
2024ൽ നടപ്പാക്കിയ വിദേശ നിക്ഷേപ നടപടിക്രമങ്ങളിലെ നിരവധി മെച്ചപ്പെടുത്തലുകളും മാധ്യമ സമ്മേളനത്തിൽ വിശദീകരിച്ചു. ഇവ പുതിയ നിയന്ത്രണങ്ങളല്ലെങ്കിലും അവ നടപ്പാക്കുന്നതിനെ കുറിച്ച് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കുകയായിരുന്നു.
വിദേശ ഉടമസ്ഥതയിലുള്ള കമ്പനികൾ സ്ഥാപിതമായതിന്റെ ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന നിബന്ധന, അംഗീകൃത ഓഫിസുകളിൽ നിന്നുള്ള പ്രോജക്ട് സാധ്യതാ പഠനങ്ങൾ സമർപ്പിക്കൽ, നിർദ്ദിഷ്ട സംരംഭങ്ങൾ നടപ്പാക്കുന്നതിൽ കഴിവ് പ്രകടിപ്പിക്കുന്നതിന് നിക്ഷേപകരിൽ നിന്നുള്ള അനുഭവത്തിന്റെ തെളിവ് എന്നിവ നടപടികളിൽ ഉൾപ്പെടുന്നു.
നിയമലംഘനങ്ങൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി ലക്ഷ്യമിട്ടുള്ള പരിശോധനയും കാമ്പയിനുകളും നടത്തുന്നതിനായി തൊഴിൽ മന്ത്രാലയവുമായും റോയൽ ഒമാൻ പൊലീസുമായും മന്ത്രാലയം തുടർന്നും ഏകോപിപ്പിച്ച് പ്രവർത്തിക്കും.
നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, വിദേശ നിക്ഷേപകർക്ക് ഒമാനിൽ ബിസിനസുകൾ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ ലൈസൻസുകൾ ഇപ്പോഴും എളുപ്പത്തിൽ നേടാൻ കഴിയുമെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. നിക്ഷേപക സൗഹൃദപരവും നിയമപരമായി സുസ്ഥിരവുമായ അന്തരീക്ഷം നിലനിർത്തുക എന്നതാണ് ലക്ഷ്യം.
വാണിജ്യ മന്ത്രാലയംനിലവിലെ നിയന്ത്രണങ്ങൾ അനുസരിച്ച്, ചില വിഭാഗങ്ങളിലെ തൊഴിലാളികൾ വാണിജ്യ രേഖകൾ തുറക്കുന്നതിനോ വിദേശ നിക്ഷേപ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ വിലക്കുണ്ടെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആവർത്തിച്ചു.