റമദാൻ; ഹറമിൽ ചിൽഡ്രൻസ് നേഴ്സറി സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും

റമദാനിന്റെ ഭാഗമായി ഇരു ഹറമുകളിലും കുട്ടികളെ പാർപ്പിക്കാനുള്ള സെന്ററുകൾ മുഴുവൻ സമയവും പ്രവർത്തിക്കും. തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ചാണ് പുതിയ സൗകര്യം. ഖുർആൻ ഉൾപ്പെടെയുള്ള അറിവ് പകർന്നു നൽകുന്നുണ്ട് സെന്ററുകൾ.

കുട്ടികളുമായി ഹറമിലെത്തുന്ന രക്ഷിതാക്കൾക്ക് ആശ്വാസമാകുന്നതാണ് നടപടി. ലക്ഷങ്ങൾ സംഗമിക്കുന്ന ഹറമിൽ എത്തുന്നവർക്ക് കുട്ടികളെ കർമങ്ങൾ പൂർത്തിയാക്കുന്നത് വരെ സുരക്ഷിതമായി ഏൽപിക്കാൻ ഇടമൊരുക്കുകയാണ് ഇരു ഹറം കാര്യാലയം. റമദാനിൽ ഹറമിലെ ചിൽഡ്രൻസ് നേഴ്‌സറി സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും.

ഒന്നര വയസ്സ് മുതൽ 9 വയസ്സുവരെയുള്ള പെൺകുട്ടികൾക്കും 6 വയസ്സുവരെ ആൺകുട്ടികൾക്കും മാത്രമാണ് പ്രവേശനം ലഭിക്കുക. പാസ്‌പോർട്ട്, ഇക്കാമ, ഐഡി എന്നിവ ഉപയോഗിച്ചാണ് പ്രവേശനം. പരിശീലനം നേടിയ പ്രൊഫഷണലുകളുടെ സഹായത്തോടെയാണ് സെന്റർ പ്രവർത്തിക്കുന്നത്.

ഖുർആൻ ഉൾപ്പെടെയുള്ള വിവിധ അറിവുകൾ സെന്ററുകളിൽ പരിശീലിപ്പിക്കും. വിവിധ ഗെയിമുകളും കളി ഉപകരണങ്ങളും കുട്ടികൾക്ക് ഉപയോഗിക്കാം. ആരോഗ്യകരമായ ഭക്ഷണവും കുട്ടികൾക്ക് നൽകുന്നുണ്ട്. ഡൈനിങ് ഏരിയ, ഉറക്ക റൂം എന്നിവയും സെന്ററിൽ പ്രത്യേകമായി ഉണ്ട്.

മക്കയിലെ മസ്ജിദുൽ ഹറാമിൽ പുതിയ എക്സ്റ്റൻഷൻ നടക്കുന്ന ഭാഗത്തെ വാതിൽ 100നും 104നും എതിർവശത്താണ് സെൻററുകൾ പ്രവർത്തിക്കുന്നത്. പ്രവാചക പള്ളിയുടെ വടക്കുകിഴക്കൻ ഭാഗത്തും സെൻറർ പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *