യുഎഇയുടെ സാമ്പത്തികനേട്ടം തുടരുന്നു; ശൈഖ് മുഹമ്മദ്

ആഗോള സാമ്പത്തികകേന്ദ്രമെന്നനിലയിൽ യുഎഇ കുതിപ്പുതുടരുകയാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ലോകം വലിയ സാമ്പത്തിക, വാണിജ്യ വെല്ലുവിളികൾ നേരിടുമ്പോൾ യുഎഇ തുടക്കംമുതൽത്തന്നെ തുറന്നസമീപനത്തിന്റെ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വ്യാപാരം, മൂലധനം, ജനങ്ങൾ എന്നിവയിലെല്ലാം സ്വതന്ത്രചലനം സാധ്യമാക്കുകയുംചെയ്തു. ഇന്ന് കിഴക്കിനും പടിഞ്ഞാറിനുമിടയിലെ പ്രധാനപാലമായും ആഗോള സാമ്പത്തികകേന്ദ്രമായും രാജ്യം വേറിട്ടുനിൽക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ പുരോഗതിയിലേക്കുള്ളയാത്ര തുടരും. യുഎഇ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നേട്ടങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

കഴിഞ്ഞവർഷത്തെ യുഎഇയുടെ സാമ്പത്തികനേട്ടം പങ്കുവെച്ചുകൊണ്ടായിരുന്നു ശൈഖ് മുഹമ്മദിന്റെ കുറിപ്പ്. ലോക വ്യാപാരസംഘടനയുടെ ഏറ്റവും പുതിയ വിവരങ്ങൾപ്രകാരം കഴിഞ്ഞവർഷം യുഎഇക്ക് 5,23,000 കോടി ദിർഹത്തിന്റെ വിദേശ വ്യാപാരനേട്ടമുണ്ടാക്കാനായി. വ്യാപാരമിച്ചം 49,000 കോടി ദിർഹത്തിൽ കൂടുതലാണ്. 65,000 കോടി ദിർഹത്തിന്റെ സേവനങ്ങൾ കയറ്റുമതിചെയ്തു. ഇതിൽ 19,100 കോടി ദിർഹത്തിന്റെ ഡിജിറ്റൽസേവനങ്ങളാണുള്ളത്. ഇത് മൊത്തം കയറ്റുമതിയുടെ 30 ശതമാനമാണ്. കൂടാതെ 2,20,000 കോടി ദിർഹത്തിന്റെ സാധനങ്ങൾ കയറ്റുമതിചെയ്തെന്നും ഇത് മുൻവർഷത്തെ അപേക്ഷിച്ച് ആറുശതമാനം കൂടുതലാണെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

മിഡിലീസ്റ്റിലെ മൊത്തം വ്യാപാരക്കയറ്റുമതിയുടെ 41 ശതമാനവും ഇപ്പോൾ യുഎഇയിലാണ്. ഇത് മേഖലയിലെ മുൻനിര വ്യാപാരകേന്ദ്രം എന്നനിലയിലുള്ള സ്ഥാനം വീണ്ടും ഉറപ്പിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *