മക്ക ഹറമിൽ ശനി, ഞായർ ദിവസങ്ങളിലായെത്തിയത് 30 ലക്ഷം വിശ്വാസികൾ. റംസാന്റെ അവസാനദിനങ്ങൾ അടുത്തതോടെ മക്ക ഗ്രാൻഡ് മോസ്കിലേക്ക് ലക്ഷക്കണക്കിന് തീർഥാടകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച പകൽ ഫജ്ർ നമസ്കാരത്തിനെത്തിയത് 5,92,100 പേരാണ്. ളുഹ്ർ നമസ്കാരത്തിന് 5,18,000 പേരും അസ്ർ നമസ്കാരത്തിന് 5,47,700 പേരും എത്തി.
മഗ്‌രിബിനെത്തിയത് 7,10,500 പേരും തറാവീഹ്, ഇശാ നമസ്കാരത്തിനെത്തിയത് ഏഴ് ലക്ഷത്തിലേറെ വിശ്വാസികളുമാണ്. ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിയയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.
പ്രധാനകവാടങ്ങളിലൂടെ പള്ളിയിൽ പ്രവേശിച്ച ഉംറ തീർഥാടകരുടെ എണ്ണം 6,62,500 ആണ്. മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ഏറ്റവുംകൂടുതൽ തീർഥാടകർ പള്ളിയിലെത്തിയത് കിങ് അബ്ദുൽ അസീസ് കവാടം വഴിയാണ്. 2,35,800 തീർഥാടകർ ഇതുവഴി പ്രവേശിച്ചു. ബാബ് അൽ സലാം വഴി 32,300 തീർഥാടകരും ബാബ് അൽ ഹുദൈബിയ വഴി 69,600 തീർഥാടകരുമെത്തി. രണ്ട് ലക്ഷത്തിലേറെ തീർഥാടകരാണ് അൽ ഉംറ, കിങ് ഫഹദ് ഗേറ്റുകൾ വഴി പ്രവേശിച്ചത്.