ഖത്തറിന്റെ കര അതിർത്തിയായ അബുസംറ വഴി യാത്ര ചെയ്യുന്ന സ്വദേശികളും താമസക്കാരും യാത്രാ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന് മെട്രാഷ് ആപ്പിലെ പ്രീ-രജിസ്ട്രേഷൻ സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിച്ച് ആഭ്യന്തര മന്ത്രാലയം. എക്സ് പ്ലാറ്റ്ഫോം വഴിയാണ് മെട്രാഷ് ആപ്പിലെ പ്രീ രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ വിശദീകരിച്ചുകൊണ്ട് അധികൃതർ ഓർമിപ്പിച്ചത്. തിരക്കേറിയ സമയങ്ങളിലും മറ്റും നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ പ്രീ രജിസ്ട്രേഷൻ വഴിയൊരുക്കും.
മെട്രാഷ് ആപ്പിലെ ട്രാവൽ ഐക്കണിൽ ക്ലിക്കുചെയ്‌ത് അബു സംറ പോർട്ടിൽ പ്രീ-രജിസ്ട്രേഷൻ ഓപ്ഷൻ തിരഞ്ഞെടുത്ത് നടപടികൾ ആരംഭിക്കാം. സ്‌ക്രീനിൽ തെളിയുന്ന ഫോമിൽ ഉപയോക്താവിന്റെ ഡേറ്റ പൂരിപ്പിക്കണം. ശേഷം ഖത്തറിലേക്ക് വരികയാണെങ്കിൽ എൻട്രി എന്ന ഐക്കണും രാജ്യത്തുനിന്ന് പുറത്തുപോകുകയാണെങ്കിൽ എക്സിറ്റ് എന്ന ഐക്കണും തിരഞ്ഞെടുക്കണം.
പിന്നീട് യാത്രചെയ്യുന്ന തീയതി രേഖപ്പെടുത്തിയശേഷം വാഹനം, ഡ്രൈവർ, യാത്രക്കാരുടെ വിവരങ്ങൾ എന്നിവ നൽകണം. ഇത് പൂർത്തിയാക്കി ക്ലിക്ക് ചെയ്താൽ ഉപയോക്താവിന്റെ ഫോണിലേക്ക് ടെക്സ് മെസേജ് ലഭിക്കും. ഇതോടെ അബു സംറ അതിർത്തി വഴിയുള്ള യാത്ര എളുപ്പമായി. വാഹനങ്ങളുടെ നീണ്ട ക്യൂവിൽ കാത്തിരിക്കാതെ പ്രീ-രജിസ്ട്രേഷൻ നടത്തിയവർക്കുള്ള ക്യൂ ഉപയോഗിച്ച് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി യാത്ര തുടരാനാകുമെന്ന് മന്ത്രാലയം അറിയിച്ചു. ആഘോഷവേളകൾ, വാരാന്ത്യ അവധി ദിനങ്ങൾ, അവധിക്കാലം തുടങ്ങി അതിർത്തിയിൽ തിരക്കേറുന്ന സീസണുകളിൽ പ്രീ രജിസ്ട്രേഷൻ യാത്ര കൂടുതൽ അനായാസമാക്കും.