ഒമാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാദീ ബനീഖാലിദിലേക്ക് പെരുന്നാൾ അവധി ദിവസങ്ങളിൽ എത്തിയത് 32, 142 സന്ദർശകർ. മാർച്ച് 30 മുതൽ ഏപ്രിൽ അഞ്ചുവരെയുള്ള ദിവസങ്ങളിലാണ് ഇത്രയുംപേർ ഈ മനോഹര സൗന്ദര്യംതേടി ഇവിടെയെത്തിയത്. വടക്കൻ ശർഖിയ ഗവർണറേറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 28,626 സന്ദർശകരുമായി ഏഷ്യക്കാരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 1,440 സന്ദർശകരുമായി യൂറോപ്യന്മാർ രണ്ടാം സ്ഥാനത്തുമാണുള്ളത്. ഒമാനി (1,080), അറബികൾ (996), മറ്റു രാജ്യക്കാർ (140) എന്നിവരാണ് തൊട്ടടുത്തുവരുന്ന രാജ്യക്കാർ.
അതേ സമയം, വാദീ ബനീഖാലിദിന്റെ വികസനത്തിന് നിരവധി പദ്ധതികളുമായി അധികൃതർ രംഗത്തുണ്ട്. ഈ മേഖലയിൽ വിവിധ വികസന പദ്ധതികൾക്കായി അധികൃതർ കഴിഞ്ഞ നവംബറിൽ ടെൻഡർ ക്ഷണിച്ചിരുന്നു. മേഖലയിലെ പാശ്ചാത്തല സൗകര്യങ്ങളും മെച്ചപ്പെടുത്തുകയും പ്രാദേശിക വിഭവങ്ങളും സേവനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. അൽ ഖാബിൽ വിലായത്തിലെ അൽ മുദൈരിബ് മാർക്കറ്റിന്റെ പുനർ വികസനത്തിനും ടെൻഡുകൾ ക്ഷണിച്ചിട്ടുണ്ട്.
18ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന ഈ പുരാതന മാർക്കറ്റ് ഒമാന്റെ മഹത്തായ സാംസ്കാരിക പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നതാണ്. മസ്കത്ത് സൂർ റൂട്ടിലെ ചുരം റോഡിന് സമീപമാണ് ഈ പുരാതന മാർക്കറ്റിന്റെ അവശിഷ്ടങ്ങൾ നിലകൊള്ളുന്നത്.മസ്കത്തിൽനിന്ന് 250 കിലോമീറ്റർ അകലെയണ് വാദീബനീഖാലിദ്. വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന മനോഹരമായ തടാകങ്ങൾക്കൊപ്പം മറ്റു നിരവധി ചരിത്ര സ്മാരകങ്ങളും ഇവിടെയുണ്ട്. നാലാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതുന്ന അൽ മാലിക് കോട്ട ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകമാണ്. അൽ ഹജർ പർവ്വതത്തിൽനിന്ന് ഒഴുകിയെത്തുന്ന നിരവധി വാദികൾ ഈ മേഖലയെ കാർഷിക സമൃദ്ധമാക്കുന്നു.
ഇത്തരം ഉറവുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഉപയോഗപ്പെടുത്തി ഗ്രാമവാസികൾ വ്യാപകമായി കൃഷി ചെയ്യുന്നതിനാൽ ഏറെ മനോഹരവും പച്ചപിടിച്ചതുമാണ് ഈ മേഖല. വാദീ ബനീഖാലിദന്റെ തടാകങ്ങൾക്ക് ചുറ്റുമായി 12 ഉറവകളുണ്ട്. ഐൻ അൽ സരുജ്, അൽ ലതബ്, ഐൻ കനറ, ഐൻ മുൻതജർ, ഐൻ ഗലാല എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. മേഖലയിൽ 56 ഫലജുകൾ എന്ന പേരിൽ അറിയപ്പെടുന്ന പരമ്പരാഗത കൈത്തോടുകളുണ്ട്. ഇത് ഏറ്റവും മികച്ച ജലസേചന പദ്ധതിയാണ്. അൽ ഐലി, അൽ ഫർദ്, അൽ സറൂജ്, അൽ ജർബി എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.വദീബനീഖാലിദിലെ ശുദ്ധ ജല തടാകം വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
നിരവധി മത്സ്യങ്ങളുള്ള ഈ തടാകത്തിന്റെ നിലീമ സന്ദർശകരുടെ കൺ കുളിർപ്പിക്കുന്നതാണ്. തടാകം നല്ല ആഴത്തിലുള്ളതായതിനാൽ അപകടവും പതിയിരിക്കുന്നുണ്ട്. നിരവധി പേരുടെ ജീവൻ നഷ്ടമായ തടാകം കൂടിയാണ്. എല്ലാ കാലത്തും സീസണിലും നീല കുളിർ ജലം ലഭിക്കുന്ന ഈ തടാകം അത്ഭുതം തന്നെയാണ്. ഇവിടെ ഡൈവിങ്ങിനും നീന്തി കുളിക്കാനുമായി നിരവധി പേർ എത്താറുണ്ട്. എന്നാൽ തടാകത്തിൽ അപകടം പതി ഇരിക്കുന്നതിനാൽ അധികൃതർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തടാകത്തിനോട് ചേർന്ന പാറ ചെരിവിലൂടെ നടന്നാൽ മഖൽ ഗുഹയിലെത്താം. ഇവിടേക്കുള്ള നടത്തം ഏറെ അപകടം പിടിച്ചതാണ്.
ഗുഹയിലെ പ്രവേശന കവാടം വലുതാണെങ്കിലും ഉള്ളിൽ എത്തുക സാഹസം പിടിച്ചതാണ്. ഗുഹയുമായി ബന്ധമുള്ള വവ്വാൽ അടക്കമുള്ള ജീവികളെയും കാണാൻ കഴിയും. ഏതായാലും വൻ വികസന സാധ്യതയുള്ളതാണ് വാദീ ബനീ ഖാലിദ്. ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്കുണ്ടാവുമെന്ന് ഉറപ്പാണ്.