എമിറേറ്റിലെ പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റൽ പേമെന്റ് സംവിധാനമായ നോൾ കാർഡിന്റെ നവീകരണം 40 ശതമാനം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
നിലവിലുള്ള കാർഡ് അധിഷ്ഠിത ടിക്കറ്റിങ് സംവിധാനത്തിൽ നിന്ന് കൂടുതൽ നൂതനമായ അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിങ് (എ.ബി.ടി) സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് സംവിധാനങ്ങൾ നവീകരിക്കുന്നത്. 2026ന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കും.
55 കോടി ദിർഹം ചെലവ് വരുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളായാണ് നടപ്പാക്കുന്നതെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഉപയോക്താക്കൾക്കായി ഡിജിറ്റൽ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിനായി കേന്ദ്ര സംവിധാനം നവീകരിക്കും. തുടർന്ന് അവരെ നിലവിലുള്ള നോൾ കാർഡുകളുമായി ബന്ധിപ്പിക്കും.
രണ്ടാം ഘട്ടത്തിൽ ബാങ്കിങ് കാർഡ് സാങ്കേതികവിദ്യകളുമായി ചേർന്നുപോകുന്ന പുതു തലമുറ നോൾ കാർഡുകൾ അവതരിപ്പിക്കും. അവസാന ഘട്ടത്തിൽ, ദുബൈയിലുടനീളമുള്ള പൊതുഗതാഗത നിരക്ക് പേമെന്റുകൾക്കായി ബാങ്ക് കാർഡുകളും ഡിജിറ്റൽ വാലറ്റുകളും ഉൾപ്പെടെയുള്ള ഇതര പേയ്മെന്റ് രീതികൾ സ്വീകരിക്കാൻ സാധിക്കുന്ന രീതിയിൽ സംവിധാനത്തിന്റെ നവീകരണം പൂർത്തിയാക്കും. ഉപയോക്താക്കൾക്ക് നോൾ കാർഡുകൾ ഡിജിറ്റൽ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യാനും സ്മാർട്ട്ഫോൺ വാലറ്റുകളിലേക്ക് നോൾ കാർഡുകൾ ചേർക്കാനും ഡിജിറ്റൽ ചാനലുകൾ വഴി ക്യു.ആർ കോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ടിക്കറ്റുകൾ വാങ്ങാനും ഇതുവഴി സാധിക്കും.
കൂടാതെ പൊതുഗതാഗതത്തിലുടനീളം ഫ്ലെക്സിബിൾ ഫെയർ എന്ന ആശയം നടപ്പാക്കാനും കഴിയും. അതോടൊപ്പം ബാങ്ക് കാർഡുകൾക്ക് സമാനമായി യു.എ.ഇയിലെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഉപയോക്താക്കൾക്ക് ഷോപ്പിങ് നടത്താനും സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.