പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷമാക്കാൻ കുടുംബങ്ങൾക്ക് മാത്രമായി നാല് പൊതു ബീച്ചുകൾ അനുവദിച്ച് ദുബൈ മുനിസിപ്പാലിറ്റി. ജുമൈറ ബീച്ച് 2, 3, ഉമ്മുസുഖൈം 1, 2 എന്നീ ബീച്ചുകളിലാണ് കുടുംബങ്ങൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്നത്.
ആഘോഷങ്ങൾക്കായി കുടുംബ സൗഹൃദപരമായ ബീച്ച് മേഖലകൾ അനുവദിക്കുന്നതിലൂടെ എല്ലാ സമൂഹത്തിലെയും അംഗങ്ങളുടെ ക്ഷേമവും ജീവിതനിലവാരവും ഉയർത്തുകയാണ് ലക്ഷ്യം.
പൊതു അവധി ദിവസങ്ങളിലും ഉത്സവ അവസരങ്ങളിലും ബീച്ചുകളിൽ ഗണ്യമായ തിരക്ക് അനുഭവപ്പെടുന്നതിനാൽ ഈദ് കാലയളവിൽ കുടുംബങ്ങൾക്കായി ചില പൊതു ബീച്ചുകൾ നിശ്ചയിക്കുന്നത് സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. സുഗമവും സുരക്ഷിതവുമായ ബീച്ച് അന്തരീക്ഷം കുടുംബങ്ങൾക്ക് ആസ്വദിക്കാൻ ഈ നടപടി സഹായിക്കും.
അതേസമയം, ബീച്ച് സന്ദർശകരുടെ സുരക്ഷക്കായി 126 വിദഗ്ധർ അടങ്ങുന്ന പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ഉപകരണങ്ങളും വാഹന സൗകര്യങ്ങളുമാണ് ഇവർക്കായി ഒരുക്കിയിരിക്കുന്നത്.
കൂടാതെ 10 വിദഗ്ധർ അടങ്ങുന്ന ഫീൽഡ് ടീം ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും ഗതാഗതം, കാർ പാർക്കിങ് മേഖലകൾ നിരീക്ഷിക്കുകയുംചെയ്യും.
ഈദ് അവധി ദിവസങ്ങളിൽ എല്ലാ ബീച്ച് പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുന്നതിനും തടസ്സമില്ലാത്ത സേവനവിതരണം ഉറപ്പാക്കുന്നതിനും മുനിസിപ്പാലിറ്റി വിവിധ പങ്കാളികളുമായി സഹകരിക്കുകയുംചെയ്യുന്നുണ്ട്.