ദുബായിലെ പാർക്കിങ് നിരക്കുവർധന അടുത്തമാസം നാലുമുതൽ

ദുബായിലെ പാർക്കിങ് നിരക്കുവർധന അടുത്തമാസം നാലുമുതൽ പ്രാബല്യത്തിലാകും. പുതിയ പാർക്കിങ് നിരക്ക് ഏർപ്പെടുത്താനുള്ള തീരുമാനം സംബന്ധിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽനിന്ന് കത്ത് ലഭിച്ചതായി ദുബായിലെ പ്രധാന പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ വെള്ളിയാഴ്ച ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

പാർക്കിങ് ഫീസ് രണ്ടുതരത്തിലായിരിക്കും ഏപ്രിൽ നാലു മുതൽ ഈടാക്കുക. രാവിലെ എട്ടു മുതൽ 10 മണിവരെയും വൈകീട്ട് നാലു മുതൽ എട്ടു മണിവരെയും ഉയർന്ന പാർക്കിങ് ഫീസ് നൽകണം. ജുമൈര ലേക്ക്സ് ടവേഴ്സിലെ ഇ. ഐ. ജെ, കെ, എൽ സോണുകൾ, നോളേജ് വില്ലേജ്, ദുബായ് മീഡിയാ സിറ്റി, ഇന്റർനെറ്റ് സിറ്റി എന്നിവിടങ്ങളിലെ എഫ് സോൺ, ബുർജ് ഖലീഫ, മറാസി ബേ, ദുബായ് ഹെൽത്ത് കെയർ സിറ്റി, ദുബായ് ഹിൽസ് എന്നിവിടങ്ങളിലെ ജി സോൺ, ദുബായ് സിലിക്കൺ ഒയാസിസിലെ എച്ച് സോൺ, വേൾഡ് ട്രേഡ് സെന്ററിലെ എക്സ് സോൺ എന്നീ സൂപ്പർ പ്രീമിയം സോണുകളിൽ പ്രത്യേക ഇവെന്റുകൾ നടക്കുമ്പോൾ 25 ദിർഹമായിരിക്കും മണിക്കൂറിൽ ഈടാക്കുക.

ദുബായിൽ 14 മണിക്കൂറാണ് പാർക്കിങ് ഫീസ് നൽകേണ്ടത്. ഇതിൽ ആറ് മണിക്കൂർ (രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് നാല് മുതൽ രാത്രി എട്ട് വരെയും) ഉയർന്ന ഫീസും എട്ട് മണിക്കൂർ (രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയും രാത്രി എട്ട് മുതൽ രാത്രി 10 വരെയും) സാധാരണ ഫീസും നൽകണം. ഉയർന്ന നിരക്ക് മണിക്കൂറിന് ആറു ദിർഹമാണ്. അല്ലാത്ത സമയങ്ങളിൽ സോണിന് അനുസരിച്ച് നിലവിലുള്ള നിരക്കും ഈടാക്കും. മണിക്കൂറിന് രണ്ടു ദിർഹം, രണ്ടു മണിക്കൂറിന് അഞ്ച്, മൂന്നു മണിക്കൂറിന് എട്ട്, നാലു മണിക്കൂറിന് 11 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. നാലു മണിക്കൂർ ഒരുമിച്ച് പാർക്ക് ചെയ്യുമ്പോൾ 24 ദിർഹം നൽകണം.

സോൺ ബി, ഡി എന്നിവയിൽ ദിവസം മുഴുവൻ പാർക്ക് ചെയ്യാനുള്ള താരിഫും പുതുക്കി. സോൺ ബിയിൽ 40 ദിർഹവും ഡിയിൽ 30 ദിർഹവുമാണ് ദിവസം മുഴുവൻ പാർക്കിങ്ങിന് ഈടാക്കുന്ന നിരക്ക്. നേരത്തേ ഡിയിൽ ഒരു ദിവസം വാഹനം പാർക്ക് ചെയ്യാൻ 10 ദിർഹം മതിയായിരുന്നു. നിരക്ക് മാറ്റത്തോടൊപ്പം പാർക്കിങ് കോഡുകൾ മാറ്റുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്. നിലവിലെ കോഡിനൊപ്പം പ്രീമിയം എന്നതിനെ സൂചിപ്പിക്കുന്ന ‘പി’ എന്നുകൂടി ചേർക്കുന്നുണ്ട്. സോണുകളുടെ കൂടെ പി എന്ന് ചേർക്കുന്ന സ്ഥലത്ത് അടുത്തമാസം മുതൽ രണ്ടുതരം പാർക്കിങ് ഫീസ് ആയിരിക്കും ഈടാക്കുക.

Leave a Reply

Your email address will not be published. Required fields are marked *