ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള അഞ്ചാമത്തെ ദേശീയ ക്യാംപെയിന് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും 70 മില്യൻ റിയാലിന്റെ സംഭാവന നൽകി. ഇഹ്സാൻ പ്ലാറ്റ്ഫോമിലൂടെയാണ് സംഭാവന നൽകിയത്.
സൽമാൻ രാജാവ് 40 മില്യൻ റിയാൽ സംഭാവന നൽകിയപ്പോൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 30 മില്യൻ റിയാൽ സംഭാവന നൽകി. അവരുടെ സംഭാവനകൾ മാനുഷികവും ജീവകാരുണ്യവുമായ സംരംഭങ്ങളോടുള്ള സൗദി നേതൃത്വത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ്.
2021ൽ ‘ഇഹ്സാൻ’ പ്ലാറ്റ്ഫോം ആരംഭിച്ചതു മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഭരണനേതൃത്വത്തിൽനിന്ന് ഉദാരമായ സംഭാവനയാണ് ലഭിക്കുന്നത്. ഇഹ്‌സാൻ പ്ലാറ്റ്‌ഫോം കൃത്യമായ സാങ്കേതിക മാർഗങ്ങളിലൂടെ സംഭാവനകൾ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഉയർന്ന വിശ്വാസ്യതയും സുതാര്യതയും പാലിക്കുന്നു. പ്രത്യേകിച്ച് റമസാനിൽ സംഭാവന പ്രക്രിയകളുടെ സുതാര്യതയും വേഗവും ഉറപ്പാക്കുകയും സമൂഹത്തിൽ യോജിപ്പിന്റെ മൂല്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ഉദാരമായ സംഭാവനകൾക്ക് ‘ഇഹ്സാൻ’ പ്ലാറ്റ്ഫോം സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ഡോ. മാജിദ് അൽ ഖസബി നന്ദി രേഖപ്പെടുത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള തുടർച്ചയായ ഈ പിന്തുണ പ്രത്യേകിച്ച് റമദാനിൽ സാമൂഹിക ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നുവെന്നും അൽഖസബി പറഞ്ഞു. ഇഹ്സാൻ പ്ലാറ്റ്ഫോമിലൂടെ നൽകുന്ന സംഭാവനകൾ ആരോഗ്യം, സാമൂഹ്യക്ഷേമം, ഭക്ഷണം, ഭവനം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വിവിധ ചാരിറ്റബിൾ മേഖലയിലാണ് ഉപയോഗിക്കുന്നത്.