ഒമാനിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായി, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ദാഹിറയിൽ ഫലജുകളുടെ വിവരങ്ങൾ ശേഖരിക്കുന്ന പദ്ധതികൾക്ക് തുടക്കമായി. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് വാട്ടർ റിസോഴ്സസിലെ ഫീൽഡ് ടീമുകൾ ഫലജ് സംവിധാനങ്ങളുടെ സ്ഥാനങ്ങൾ, പരിപാലനം, ജല സാഹചര്യങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
സുപ്രധാന ജലസ്രോതസ്സുകളായ ഫലജിന്റെ മാനേജ്മെന്റ്, പരിപാലനം, സംരക്ഷണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള വിശാലമായ സംരംഭത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് ഒരു മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ സംവിധാനങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ, ഭാവി തലമുറകൾക്കായി ഫലജിന്റെ സുസ്ഥിരത ഉറപ്പാക്കി കൂടുതൽ ഫലപ്രദമായ മാനേജ്മെന്റ് പദ്ധതികൾ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
ഗവർണറേറ്റിലുടനീളമുള്ള എല്ലാ അഫ്ലജ് ഡാറ്റയും പൂർണമായി അപ്ഡേറ്റ് ചെയ്യുന്നതുവരെ പദ്ധതി തുടരുമെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഫലജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ജലസുരക്ഷ ഉറപ്പാക്കുന്നതിലും വരും വർഷങ്ങളിൽ ഈ സവിശേഷ ജല സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും ഈ സംരംഭം ഒരു സുപ്രധാന ചുവടുവെപ്പാണ്. 2023ൽ, ദാഹിറയിൽ 36 ഫലലജുകൾ വിജയകരമായി പുനരുജ്ജീവിപ്പിച്ചു. സുൽത്താനേറ്റിലെ പുരാതന രീതിയിലുള്ള ജലസേചന സമ്പ്രദായമാണ് ഫലജുകൾ. മലഞ്ചെരുവുകളിലെയും ഭൂഗർഭത്തിലെയും ജലസ്രോതസ്സുകൾ അടക്കമുള്ളവയിൽനിന്ന് ഗാർഹിക-കാർഷിക ആവശ്യത്തിന് വെള്ളമെത്തിക്കുന്ന ചെറു കനാലുകളും ചാലുകളുമാണ് ഫലജ് എന്നറിയപ്പെടുന്നത്.