ഒമാനിലെ ജയിലുകളിൽ കഴിയുന്നത് 148 ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ഫെബ്രുവരി ആദ്യ വാരത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി കീർത്തിവർധൻ സിങ് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഒമാനുൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽ തടവിലായ ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ച് വ്യക്തമാക്കിയത്. ഇതുപ്രകാരം ആറ് ഗൾഫ് രാജ്യങ്ങളിലായി 6478 ഇന്ത്യക്കാരാണ് വിവിധ കേസുകളിലായി ജയിലുകളിലുള്ളത്. കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരും, വിചാരണയിലുള്ളവരും ഉൾപ്പെടെയാണ് ഈ കണക്ക്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ സമർപ്പിച്ച കണക്കു പ്രകാരം ആറ് ഗൾഫ് രാജ്യങ്ങളിലായി 6365 തടവുകാരായിരുന്നു ഉള്ളത്. എന്നാൽ, ആറു മാസം കഴിയുമ്പോൾ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഇത് 113 പേർ കൂടി വർധിച്ച് 6478ലെത്തി. കേരളത്തിൽ നിന്നുള്ള ലോക്സഭാ അംഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ ചോദ്യത്തിന് ഉത്തരമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് വിദേശരാജ്യങ്ങളിൽ തടവിലുള്ള ഇന്ത്യക്കാരുടെ ഏറ്റവും പുതിയ കണക്ക് വെളിപ്പെടുത്തിയത്.
മറുപടിയായി നൽകിയ വിവരങ്ങൾക്ക് അനുബന്ധമായി 86 വിദേശരാജ്യങ്ങളിലെ ഇന്ത്യൻ തടവുകാരുടെ പട്ടികയും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 10,152 ഇന്ത്യൻ തടവുകാരാണ് 86 രാജ്യങ്ങളിലുള്ളത്. അവയിൽ ഏറ്റവും കൂടുതൽ പേരും ഗൾഫ് രാജ്യങ്ങളിലാണുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതൽ (2633). രണ്ടാമത് യു.എ.ഇയുമാണുള്ളത് (2518). ഇരു രാജ്യങ്ങളിലും ആറു മാസം മുമ്പത്തെ റിപ്പോർട്ടിനേക്കാൾ വർധനവുണ്ടായി. ഗൾഫ് രാജ്യങ്ങളിൽ ഖത്തർ (611), ഒമാൻ (148), കുവൈത്ത് (387), ബഹ്റൈൻ (181) എന്നിങ്ങനെയാണ് ഇന്ത്യൻ തടവുകാരുടെ ആകെ എണ്ണം.
സൗദിയിൽ 39 തടവുകാരും, യു.എ.ഇയിൽ 210 തടവുകാരാണ് കൂടിയത്. കുവൈത്തിൽ ഒന്നും, ഖത്തറിൽ 23ഉം കൂടിയപ്പോൾ, ബഹ്റൈൻ (132), ഒമാൻ (28) രാജ്യങ്ങളിൽ തടവുകാരുടെ എണ്ണം കുറഞ്ഞതായുംവെളിപ്പെടുത്തുന്നു. അതേസമയം, കഴിഞ്ഞ റമദാനിൽ വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ച പൊതുമാപ്പിൽ ഉൾപ്പെട്ടവരുടെ കണക്ക് പുറത്തുവരുന്നതോടെ തടുവുകാരുടെ എണ്ണം ഇനിയും കുറയും.എല്ലാ രാജ്യങ്ങളിലും എംബസിയും കോൺസുലേറ്റും ഇന്ത്യൻ തടവുകാരുടെ കേസുകൾ സംബന്ധിച്ച് ജാഗ്രത പാലിക്കുന്നതായി മന്ത്രാലയം അറിയിച്ചു.
വിദേശാര്യങ്ങളിൽ ഒരു ഇന്ത്യക്കാരൻ തടവിലാവുന്നത് സംബന്ധിച്ച് വിവരം ലഭിച്ചാൽ അതാതിടങ്ങളിലെ ഇന്ത്യൻ മിഷൻ/പോസ്റ്റ് പ്രാദേശിക വിദേശകാര്യ ഓഫിസുമായും അധികാരികളുമായും ബന്ധപ്പെടുകയും, കേസിന്റെ വസ്തുതകൾ, അയാളുടെ ഇന്ത്യൻ പൗരത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും കോൺസുലാർ സേവനം ലഭ്യമാക്കാൻ ശ്രമിക്കുകയും ചെയ്യും. ആവശ്യമാണെങ്കിൽ നിയമസഹായവും, ഫീസ് വാങ്ങാതെ അഭിഭാഷക സേവനവും ഉറപ്പാക്കും. അടിയന്തിര ഘട്ടങ്ങളിൽ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്നുള്ള പിന്തുണയും ലഭ്യമാക്കും. ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞാൽ അയൽരാജ്യമായ നേപ്പാളിലാണ് (1317) ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തടവിലുള്ളത്. ബ്രിട്ടനിൽ 288ഉം, മലേഷ്യയിൽ 338ഉം, അമേരിക്കയിൽ 169ഉം, ഇറ്റലിയിൽ 168ഉം, ചൈനയിൽ 173ഉം പേർ തടവുകാരായുണ്ട്.
മറ്റ് ഗൾഫ് രാജ്യങ്ങളിൽ തടവിലുള്ള ഇന്ത്യക്കാർ
(ബ്രാക്കറ്റിൽ ആറുമാസം മുമ്പത്തെ കണക്ക്)
- സൗദി -2633 (2594)
- യു.എ.ഇ -2518 (2308)
- ഖത്തർ -611 (588)
- കുവൈത്ത് -387 (386)
- ബഹ്റൈൻ -181 (313)