ദുബൈ എമിറേറ്റിൽ ഈദുൽ ഫിത്ർ അവധി ദിവസങ്ങളിൽ പൊതു പാർക്കിങ് സൗജന്യം. ബഹുനില പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യം ലഭിക്കുകയെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) വാർത്തക്കുറിപ്പിൽ അറിയിച്ചു. ശവ്വാൽ ഒന്നു മുതൽ മൂന്നുവരെയാണ് ഈദ് അവധി ദിനങ്ങൾ.
ശനിയാഴ്ച മാസപ്പിറവി കാണുകയാണെങ്കിൽ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലും, മാസപ്പിറവി കണ്ടില്ലെങ്കിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലുമാണ് അവധി ലഭിക്കുക. ശവ്വാൽ നാല് (ബുധൻ അല്ലെങ്കിൽ വ്യാഴം) മുതൽ പാർക്കിങ് ഫീസ് വീണ്ടും ഈടാക്കിത്തുടങ്ങും പെരുന്നാളിനോടനുബന്ധിച്ച് ദുബൈ മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ അഞ്ചു മുതൽ പുലർച്ച ഒന്നു വരെയും ഞായറാഴ്ച രാവിലെ എട്ടു മുതൽ പുലർച്ച ഒന്നുവരെയും തിങ്കൾ മുതൽ ബുധൻ വരെ രാവിലെ അഞ്ചു മുതൽ പുലർച്ച ഒന്നു വരെയുമാണ് മെട്രോ സർവിസ് നടത്തുക.
അതേസമയം, ദുബൈ ട്രാം ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ ആറു മുതൽ പുലർച്ച ഒന്നു വരെ സർവിസ് നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതിനാണ് ട്രാം സർവിസ് ആരംഭിക്കുക. അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള ബസ് റൂട്ട് ഇ-100 റമദാൻ 28 വെള്ളിയാഴ്ച മുതൽ ശവ്വാൽ മൂന്നു വരെ സർവിസ് നിർത്തിവെക്കുമെന്നും ആർ.ടി.എ അറിയിച്ചു. ഈ കാലയളവിൽ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽനിന്ന് അബൂദബിയിലേക്കുള്ള റൂട്ട് ഇ-101 ഉപയോഗിക്കണമെന്ന് യാത്രക്കാരോട് അധികൃതർ നിർദേശിച്ചു.
റമദാൻ 28 മുതൽ ശവ്വാൽ 3 വരെ റൂട്ട് ഇ-102ലും സർവിസ് നിർത്തിവെച്ചിട്ടുണ്ട്. ബസുകളുടെയും സമുദ്രഗതാഗത സേവനങ്ങളുടെയും പൂർണമായ സർവിസ് സമയങ്ങൾ ആർ.ടി.എ വെബ്സൈറ്റിലും സഹ്ൽ ആപ്പിലും ലഭ്യമാണ്. ശവ്വാൽ ഒന്നു മുതൽ മൂന്നു വരെ വാഹന പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കില്ലെന്നും ശവ്വാൽ നാലിന് പ്രവർത്തനം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതേ കാലയളവിൽ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും തുറക്കില്ല. അതേസമയം ഉമ്മു റമൂൽ, ദേര, അൽ ബർഷ, അൽ കിഫാഫ്, ആർ.ടി.എ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കും.