പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ലുസൈലിൽ വിസിറ്റ് ഖത്തർ ഒരുക്കുന്ന സ്കൈ ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമായി. ലുസൈലിലെ അൽ സദ്ദ് പ്ലാസയിൽ വൈകീട്ട് നാല് മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കുന്ന ആകാശ ദൃശ്യ വിരുന്ന് ഏപ്രിൽ 5 വരെ നീളും.
എയറോബാറ്റിക്സ്, സ്കൈ ഡൈവിംഗ്, സ്കൈറൈറ്റിംഗ് പ്രകടനങ്ങൾ, ഹൈ-സ്പീഡ് ജെറ്റ് ഡിസ്പ്ലേകൾ എന്നിവയുൾപ്പെടെ അതിശയ കാഴ്ച്ചകൾക്കാണ് മൂന്ന് ദിനം ലുസൈൽ സാക്ഷ്യം വഹിക്കുന്നത്. ഖത്തറിലും മേഖലയിലും തന്നെ ആദ്യമായാണ് ഇത്തരമൊരു ആഘോഷപരിപാടി ഒരുക്കുന്നത്. ലൈറ്റ് എഫക്ടിന്റെയും മ്യൂസികിന്റെയും അകമ്പടിയോടെയുള്ള വെടിക്കെട്ട്, 3000ത്തിലേറെ ഡ്രോണുകൾ, പൈറോ ടെക്നിക്കോടുകൂടിയ എയർ ക്രാഫ്റ്റുകൾ തുടങ്ങിയവയും ആഘോഷത്തിന് മാറ്റുകൂട്ടുന്നു. ആകാശക്കാഴ്ചകൾക്കൊപ്പം മറ്റ് വിനോദ പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
ആദ്യ ദിനമായ വ്യാഴാഴ്ച സ്വദേശികളും താമസക്കാരും വിദേശികളുമടക്കം ആയിരക്കണക്കിനാളുകളാണ് ലുസൈൽ സ്കൈ ഫെസ്റ്റിവലിന് സാക്ഷ്യം വഹിക്കാനെത്തിയത്. സൗദി, ബഹ്‌റൈൻ, ഒമാൻ അടക്കമുള്ള ജിസിസി രാജ്യങ്ങളിൽ നിന്നും നിരവധി പേർ വിസിറ്റ് ഖത്തറൊരുക്കുന്ന ആകാശ വിസ്മയം ആസ്വദിക്കാനെത്തിയിട്ടുണ്ട്.