അബ്ദുറഹീമിന്റെ കേസിൽ കോടതി ഒറിജിനൽ കേസ് ഡയറി ആവശ്യപ്പെട്ടു; നിയമ സഹായ സമിതി

സൗദി അറേബ്യയിൽ വധശിക്ഷയിൽ നിന്ന് മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസിൽ കോടതി ഒറിജിനൽ കേസ് ഡയറി ആവശ്യപ്പെട്ടതായി റിയാദിലെ നിയമ സഹായ സമിതി. പഴയ കേസായതിനാൽ ഇത് ഹാജരാക്കുന്നതിലെ കാലതാമസമാണ് നിലവിൽ കേസ് മാറ്റിവെക്കുന്നതിന് കാരണം. കേസിൽ റഹീമിന് അനുകൂലമായി മോചന വിധി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കേസ് രേഖകൾ അവതരിപ്പിച്ച് ഭാരവാഹികൾ പറഞ്ഞു.

അബ്ദുറഹീമിന്റെ കേസ് 11 തവണയായി മാറ്റിവെച്ചതിന് പിന്നാലെയാണ് റിയാദിലെ റഹീം നിയമ സഹായ സമിതി ഭാരവാഹികൾ വിഷയം വിശദീകരിച്ചത്. കേസിൽ റഹീമിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ സിദ്ദീഖ് തുവ്വൂരും നിയമസഹായ സമിതി ഭാരവാഹികളും കേസിലെ ഇതുവരെയുണ്ടായ നടപടിക്രമങ്ങൾ വിശദീകരിച്ചു. ജൂലൈ രണ്ടിനായിരുന്നു റഹീമിന്റെ വധശിക്ഷ റദ്ദാക്കിയുള്ള വിധി. സ്വകാര്യ അവകാശത്തിന്റെ അടിസ്ഥാനത്തിൽ അഥവാ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പു നൽകിയതിന് പിന്നാലെയായിരുന്നു ഈ വിധി. എന്നാൽ സൗദി ഭരണകൂടത്തിന് ഏതൊരു കൊലപാതക കേസിലും മോചനം സംബന്ധിച്ച് തീരുമാനമെടുക്കാം. അതുമായി ബന്ധപ്പെട്ട പൊതു അവകാശ വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള സെഷനുകളാണ് ഇനി പൂർത്തിയാകേണ്ടത്. ഇതിൽ ആദ്യ സിറ്റിങ് നടന്നത് ഒക്ടോബർ 21നാണ്. കേസ് പരിശോധിച്ച കോടതി അത് ഡിവിഷൻ ബെഞ്ചിന് കൈമാറി. അതായത് വധശിക്ഷ വിധിച്ച ബെഞ്ച് തന്നെ ഇത് റദ്ദാക്കണമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. അങ്ങനെ നവംബർ 17നാണ് ഡിവിഷൻ ബെഞ്ചിൽ പ്രോസിക്യൂഷന്റേയും റഹീമിന്റെയും വാദങ്ങൾ കോടതി കേട്ടത്.

ഇതിനിടയിൽ കേസ് പരിശോധിച്ച കോടതി കേസിന്റെ ഒറിജിനൽ ഡയറി ആവശ്യപ്പെട്ടു. അതിന് കാരണമുണ്ട്. കേസിൽ സൗദി പൗരൻ മരിച്ചത് ആശുപത്രിയിൽ വെച്ചാണ്. ഇത് മനപൂർവമായ കൊലപാതമല്ല എന്ന വാദങ്ങളുൾപ്പെടെ പരിഗണിക്കാൻ കേസ് ഡയറി ആവശ്യമാണ്. ഈ കേസ് ഡയറി ബന്ധപ്പെട്ട വകുപ്പിൽ നിന്ന് കോടതിയിലെത്തിയാലേ തുടർ നടപടിയുണ്ടാകൂ. ഇതിനുള്ള കാലതാമസമാണ് ഇപ്പോൾ ഉള്ളത്.

കോടതി നടപടികൾ സ്വാഭാവികമാണ്. ഏറെ മാധ്യമ ശ്രദ്ധ ലഭിച്ച കേസായതിനാലാണ് ഓരോ മാറ്റിവെക്കലിലും ജനങ്ങൾ നിരാശരാകുന്നത്. വധശിക്ഷ റദ്ദായാൽ ജയിൽ ശിക്ഷയാണ് ഈ കേസിൽ ലഭിക്കുക. അതിൽ ലഭിക്കാവുന്ന കാലപരിധിയിലേറെ റഹീം ജയിലിൽ കഴിഞ്ഞതിനാൽ മോചന വിധി ഉടൻ പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. റഹീമിന്റെ കുടുംബത്തിന് പണം കൈമാറിയതിന്റെ ചെക്കുകളും വധശിക്ഷ റദ്ദാക്കിയുള്ള കോടതി വിധിയും കേസിൽ ഇതുവരെയുള്ള സെഷന്റെ രേഖകളും സഹായസമിതി മാധ്യമപ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ചു. കേസ് മാറ്റിവെക്കുന്നതിനെ തെറ്റായി വ്യാഖ്യാനിച്ച് നിയമ സഹായസമിതിക്കെതിരെ ചിലർ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കാൻ കൂടിയാണ് വിശദീകരണമെന്നും ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *