അബുദാബിയിൽ അനധികൃത പരസ്യം പതിച്ചാൽ 4,000 ദിർഹം വരെ പിഴ

അബുദാബിയിൽ അനധികൃതമായി പൊതു ഇടങ്ങളിൽ പരസ്യങ്ങളോ അറിയിപ്പുകളോ പതിക്കുന്നത് 4000 ദിർഹംവരെ പിഴ ലഭിക്കുന്ന കുറ്റമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നഗരഭംഗിക്ക് കോട്ടംവരുത്തുന്ന പ്രവൃത്തികൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. അച്ചടിച്ചതോ എഴുതിയതോ ആയ അറിയിപ്പുകളോ പരസ്യങ്ങളോ അനുമതിയില്ലാതെ പൊതുവിടങ്ങളിൽ പതിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് അബൂദബി നഗര, ഗതാഗതവകുപ്പ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.

നിർത്തിയിട്ട വാഹനങ്ങൾ, തൂണുകൾ, ഏതെങ്കിലും പൊതു നിർമിതികൾ മുതലായവയിലൊക്കെ പരസ്യമോ അറിയിപ്പോ പതിക്കുന്നതിനും അനുമതി വാങ്ങേണ്ടതാണെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ആദ്യതവണത്തെ നിയമലംഘനത്തിന് 1,000 ദിർഹമാണ് പിഴ. രണ്ടാം വട്ടം നിയമംലംഘിച്ചാൽ 2,000 ദിർഹവും മൂന്നാം തവണ മുതലുള്ള നിയമലംഘനങ്ങൾക്ക് നാലായിരം ദിർഹം വീതവും പിഴ അടയ്ക്കേണ്ടിവരും. അനുമതിയില്ലാതെ കെട്ടിടങ്ങളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും മുൻവശത്ത് പരിഷ്‌കാരങ്ങൾ നടത്തിയാൽ 1000 ദിർഹമാണ് പിഴ ചുമത്തുക. പൊതുസ്ഥലങ്ങളുടെ സാംസ്‌കാരിക, വാസ്തുശിൽപ സവിശേഷതകളെ മോശമായി ബാധിക്കുന്ന കൂട്ടിച്ചേർക്കലുകളും അധികൃതർ വിലക്കുന്നുണ്ട്.

നടപ്പാതകൾ, കെട്ടിടങ്ങൾ, കമ്പോളങ്ങൾ, പൊതുനിരത്തുകൾ എന്നിവിടങ്ങളിലെ നിർമിതികളും ഇത്തരത്തിൽ പരിശോധിക്കും.പൊതുഭംഗിക്കു കോട്ടം വരുത്തുന്ന അനധികൃത വേലികൾ, വസ്തുക്കൾ മൂടിവെക്കൽ തുടങ്ങിയവക്കെതിരായ നടപടികളും മാർച്ച് 16 മുതൽ അധികൃതർ തുടങ്ങിയിട്ടുണ്ട്. ഇത്തരം നിർമിതികൾക്കായി ഉടമകൾ അധികൃതരുടെ അനുമതി വാങ്ങിയിരിക്കണം. നിയമലംഘകർക്ക് 3,000 ദിർഹമാണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴത്തുക 5,000 ദിർഹമായും മൂന്നാം തവണ മുതലുള്ള ലംഘനങ്ങൾക്ക് 10,000 ദിർഹം വീതവും പിഴ ചുമത്തും.

പൊതു ഇടങ്ങളുടെ ഭംഗി നശിപ്പിക്കുന്ന നിയമലംഘനങ്ങൾ നടത്തിയാൽ 5,000 ദിർഹം മുതൽ 20,000 ദിർഹം വരെ പിഴ ചുമത്തും. പൊതു ഇടങ്ങളുടെ ഭംഗിക്ക് കോട്ടം വരുത്തുന്ന വിധം വൃത്തിഹീനമായ വാഹനങ്ങൾ നിർത്തിയിട്ടു പോയാൽ 500 ദിർഹമാണ് പിഴ. നഗരഭംഗിക്ക് കോട്ടം വരുത്തുന്ന നിയമലംഘനങ്ങൾ നടത്തിയവർ, നിയമലംഘനം തിരുത്തിയാൽ പിഴത്തുകയിൽ 25 ശതമാനം വരെ ഇളവ് അനുവദിക്കുമെന്ന് നേരത്തേ അധികൃതർ അറിയിച്ചിരുന്നു. നിയമലംഘകർ ലംഘനം തിരുത്താൻ തയാറാവാത്ത പക്ഷം നിയമലംഘകരുടെ ചെലവിൽ മുനിസിപ്പാലിറ്റി ഇതു തിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *