ഷാജി എന്‍ കരുണിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം; സംസ്‌കാരം ഇന്ന്

സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. രാവിലെ 10 മുതല്‍ 12.30 വരെ കലാഭവനില്‍ പൊതുദര്‍ശനമുണ്ടാകും.

സിനിമ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും. ഇന്നലെ വഴുതക്കാട് വസതിയില്‍ എത്തി വിവിധ മേഖലയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാജി എന്‍ കരുണ്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലാണ് അന്തരിച്ചത്.

പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു. കാഞ്ചന സീത, എസ്തപ്പാന്‍, ഒന്നുമുതല്‍ പൂജ്യം വരെ സിനിമകള്‍ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *