രാത്രിയാത്ര നിരോധനത്തിൽ നിലപാട് വ്യക്തമാക്കി കർണാടക സ്പീക്കർ യുടി ഖാദർ; യാത്രാ നിരോധനം ഉടൻ നീക്കാനാവില്ല

ബെംഗളൂരു: കേരള -കർണാടക അതിർത്തിയിലെ ബന്ദിപ്പൂർ രാത്രി യാത്ര നിരോധനത്തിൽ നിലപാട് വ്യക്തമാക്കി കർണാടക സ്പീക്കർ യുടി ഖാദർ. ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധനം ഉടൻ നീക്കനാവില്ലെന്ന് കർണാടക സ്പീക്കർ യുടി ഖാദർ വ്യക്തമാക്കി. രാത്രി യാത്ര നിരോധനം എളുപ്പത്തിൽ തീരുമാനമെടുക്കാൻ പറ്റുന്ന കാര്യമല്ല.
പരിസ്ഥിതിയെയും വന്യമൃഗങ്ങളെയും കൂടി കർണാടകയ്ക്ക് പരിഗണിക്കേണ്ടതുണ്ടെന്നും യുടി ഖാദർ പറഞ്ഞു. ബെംഗളൂരുവിലെത്തിയ കേരളത്തിലെ മുനിസിപ്പൽ ചെയർമാൻമാരുടെ സംഘത്തോടാണ് സ്പീക്കർ നിലപാട് വ്യക്തമാക്കിയത്. യാത്രക്കാർ മറ്റു വഴികൾ പ്രയോജനപ്പെടുത്തണമെന്നും ജനപ്രതിനിധികൾ കാര്യങ്ങൾ ജനങ്ങളെ പറഞ്ഞു മനസിലാക്കണമെന്നും യുടി ഖാദർ പറഞ്ഞു.

ബന്ദിപ്പൂർ വനമേഖലയിലൂടെ രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയിലാണ് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കർണാടകയിലെ കോൺഗ്രസ് സർക്കാർ രാത്രി യാത്ര നിരോധന നീക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന ചർച്ചകൾ സജീവമായിരിക്കെയാണ് ഇക്കാര്യത്തിൽ സ്പീക്കറുടെ പ്രതികരണം പുറത്തുവരുന്നത്. നേരത്തെ പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടക ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാർ ഉൾപ്പെടെ രാത്രി യാത്ര നിരോധനത്തിൽ ചർച്ചയിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൻറെ ഭാഗമായി പ്രിയങ്ക ഗാന്ധിക്കായി വണ്ടൂരിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു ഡികെ ശിവകുമാറിൻറെ പ്രഖ്യാപനം. രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നുവെന്നും പ്രിയങ്ക എംപിയായശേഷം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ വിഷയം ചർച്ച ചെയ്യുമെന്നുമായിരുന്നു ഡികെ ശിവകുമാറിൻറെ പ്രസ്താവന.

എന്നാൽ, പ്രിയങ്ക എംപിയായശേഷവും ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് കർണാടകയുടെ ഭാഗത്തുനിന്നും ഇതുവരെയുണ്ടായിട്ടില്ല. നിരോധനം നീക്കാനുള്ള നിലപാട് സ്വീകരിച്ചാൽ കർണാടകയിലെ പരിസ്ഥിതി സംഘടനകളിൽ നിന്നടക്കം കടുത്ത എതിർപ്പുണ്ടാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *