കോളറയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലമായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം. വയറിളക്കം, ഛർദ്ദി, പേശി വേദന, നിർജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയിലൂടെ രോഗം പകരാതെ സൂക്ഷിക്കാമെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

തിരുവനന്തപുരത്ത് മരണമടഞ്ഞ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാർക്കോ ബന്ധുക്കൾക്കോ രോഗ ലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അവർക്കെല്ലാവർക്കും പ്രതിരോധ മരുന്നുകൾ നൽകിയിട്ടുണ്ട്.

വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കിൽ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *