കണ്ണൂർ കരിക്കോട്ടക്കരയിൽ മയക്കുവെടി വച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസ മേഖലയിലിറങ്ങിയ ആനയെ വൈകീട്ട് ആറു മണിയോടെയാണ് പിടികൂടിയത്. വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. അവശനിലയിലായിരുന്ന ആനക്കുട്ടിയുടെ ശാരീരികാവസ്ഥ പരിഗണിച്ചു ചെറിയ അളവിലുള്ള മരുന്നാണു മയക്കുവെടിക്കായി ഉപയോഗിച്ചത്.
മയക്കുവെടിവച്ചതിനു ശേഷം കാട്ടാന വനപാലകർക്കു നേരെ ഓടിയടുത്തെങ്കിലും പിന്നീട് റബ്ബർ തോട്ടത്തിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ശരീരം തളർന്ന ആനയുടെ കാലുകളിലും കഴുത്തിലും കയർ ഉപയോഗിച്ച് കുരുക്കിട്ടതിനു ശേഷം പ്രാഥമിക ചികിത്സ നൽകുകയും തുടർന്നു ലോറിയിൽ കയറ്റി മാറ്റുകയുമായിരുന്നു. ജെസിബി ഉപയോഗിച്ചു മണ്ണുമാറ്റി ലോറി അടുത്തെത്തിച്ചാണു ആനയെ വാഹനത്തിൽ കയറ്റിയത്. ആനയെ ബന്ദിച്ച കയർ വലിച്ചും പുറകിൽ നിന്നു തള്ളിയുമാണു വാഹനത്തിൽ കയറ്റിയത്. പിന്നീടാണ് ആന ചരിഞ്ഞത്.